കോഴിക്കോട്∙ വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് കുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളാണ് പുറത്തുകടന്നത്. 16 വയസ്സുള്ള രണ്ടു കുട്ടികളും 15 വയസ്സുള്ള രണ്ടു കുട്ടികളുമാണ് ചാടിപ്പോയത്.
ഇതിൽ ഒരാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. ബാക്കിയുള്ളവർ കേരളത്തിൽതന്നെയുള്ളവരാണ്. കുട്ടികൾക്കായി അന്വേഷണം തുടരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ആർപിഎഫിനും കുട്ടികളുടെ വിവരം കൈമാറിയതായി പൊലീസ് അറിയിച്ചു.
രാവിലെ അഞ്ചരയോടെ വാർഡൻ മുറിയിൽ പരിശോധിച്ചെങ്കിലും പായിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന പോലെ കണ്ടു.എന്നാൽ രാവിലെ ഭക്ഷണം കഴിക്കാൻ എത്താത്തതിനെ തുടർന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് പായയിൽ തലയണ പുതപ്പുകൊണ്ട് മൂടിവച്ച് ഉറങ്ങുന്ന പോലെ ഡമ്മി ഉണ്ടാക്കി കുട്ടികൾ രക്ഷപ്പെട്ടതാണെന്ന്.
മുറി പരിശോധിച്ചതിൽ ശുചിമുറിയുടെ ജനലഴി അടിച്ചു പൊട്ടിച്ചാണ് നാലുപേരും അതുവഴി രക്ഷപ്പെട്ടതെന്ന് കണ്ടെത്തി. ആറരയോടെ ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. രക്ഷപ്പെട്ട ഒരു കുട്ടിക്ക് വെള്ളയിൽ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് സംശയിക്കുന്നുണ്ട്.
ചിൽഡ്രൻസ് ഫോമിൽ കുട്ടികളുടെ സുരക്ഷയ്ക്ക് രാത്രി രണ്ടു വാർഡനെയും ഒരു സൂപ്രണ്ടിനെയും നിയമിച്ചിട്ടുണ്ട്എന്നാൽ സംഭവം സമയത്ത് സൂപ്രണ്ട് സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് മറ്റു ജീവനക്കാർ പറയുന്നത്. കുട്ടികളെ നോക്കേണ്ട വാർഡൻമാർ ജനലഴി അടിച്ചു പൊട്ടിക്കുന്ന ശബ്ദം പോലും കേൾക്കാത്തതിലും ദുരൂഹതയുണ്ട്. പൊലീസ് ഇതും അന്വേഷിക്കുന്നുണ്ട്.