മൂവാറ്റുപുഴ: ക്ഷേത്രങ്ങളില്‍ തൊഴുന്നതിന് മുന്‍പ് പുരുഷന്‍മാര്‍ മേല്‍ വസ്ത്രം അഴിക്കുന്ന കീഴ് വഴക്കത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുരുഷന്‍മാര്‍ ക്ഷേത്രത്തില്‍ കയറുമ്പോള്‍ ഷര്‍ട്ട് ഊരുന്നതുള്‍പ്പെടെയുള്ള ആചാരങ്ങളില്‍ മാറ്റം വരണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ തൊഴാനെത്തുന്ന പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരണമെന്ന ആചാരം ചില തന്ത്രിമാര്‍ കൊണ്ടുവന്ന തട്ടിപ്പാണ്. ക്ഷേത്ര ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കാലോചിത മാറ്റം അനിവാര്യമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. എസ്എന്‍ഡിപി യോഗം മുവാറ്റുപുഴ യൂണിയന് കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തില്‍ അലങ്കാര ഗോപുര സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.വിദ്യാഭ്യാസ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ സാമൂഹിക നീതിസമത്വം ഇനിയും നടപ്പിലായിട്ടില്ലെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ അവകാശങ്ങള്‍ പിടിച്ചെടുക്കുകയല്ല, മറിച്ച് നമുക്ക് അര്‍ഹതപ്പെട്ടത് നേടിയെടുക്കുന്നതിനായി സമുദായ അംഗങ്ങള്‍ സംഘടിച്ച് ശക്തരാവുക എന്ന ഗുരുദേവ വചനം ഉള്‍ക്കൊണ്ട് ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ആത്മീയകേന്ദ്രങ്ങള്‍ സാമൂഹിക ക്ഷേമ കേന്ദ്രങ്ങളാക്കി മാറ്റണം. ഭഗവാന് പണം ആവശ്യമില്ല. ഭഗവാന്റെ പേരില്‍ വരുന്ന പണം വിശക്കുന്ന ഭക്തന് വിശപ്പ് മാറ്റാന്‍ ഉപയോഗിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിര്‍മ്മിച്ചിരിക്കുന്ന നടപ്പന്തലിന്റെ സമര്‍പ്പണം ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ 33 പടവുകളുള്ള തിരുനട സമര്‍പ്പിച്ചു.മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ മുഖ്യപ്രഭാഷണം നടത്തി. മുവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ് അടക്കമുള്ള ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.