പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലിൽ അന്നദാനത്തിന്‍റെ മറവിൽ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന കണ്ടെത്തലില്‍ നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയപ്രകാശിനെ സസ്പെന്‍റ് ചെയ്തു.പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്‍റെ പേരിൽ ഒരുകോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥർ തട്ടിച്ചെന്നാണ് കണ്ടെത്തൽ.കൊല്ലത്തുള്ള ജെപി ട്രേഡേഴ്സെന്ന സ്ഥാപനമാണ് അന്നദാനത്തിനായുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും നൽകാൻ കരാറെടുത്തത്. തീർത്ഥാടനകാലം കഴിഞ്ഞശേഷം 30,00,900 രൂപയുടെ ബില്ല് കമ്പനി ഉടമയായ ജയപ്രകാശ് ദേവസ്വം ബോർഡിന് നൽകി. എട്ടു ലക്ഷം ആദ്യം കരാറുകാരന് നൽകി. ബാക്കി തുക നൽകണമെങ്കിൽ ക്രമക്കേടിനെ കൂട്ട് നിൽക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധിച്ചതോടെയാണ് കരാറുകാരൻ ദേവസ്വം വിജിലിൻസിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേടായിരുന്നു. 30 ലക്ഷം ചെലവാക്കിയ അന്നദാനത്തിൻെറ മറവിൽ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥർ മാറിയെടുത്തതെന്ന് വിജിലൻസ് കണ്ടെത്തി.
ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിന്‍റെ മറവിൽ അഴിമതിപ്പണം ബാങ്കിൽ നിന്നും മാറിയതായും കണ്ടെത്തി.ബാങ്കുവഴി ഈ തട്ടിപ്പ് കണ്ടെത്തിയതോടെ 11 ലക്ഷം രൂപ ജയപ്രകാശിന്‍റെ അക്കൗണ്ടിലേക്ക് മാറ്റികൊടുത്ത് പരാതി ഒത്തുതീർക്കാനും ശ്രമിച്ചു.വ്യാജരേഖകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലൻസാണ് ആദ്യം കണ്ടത്തിയത്.കണ്ടെത്തലുകള്‍ ശക്തമായതിനാൽ ദേവസ്വം ബോർഡ് അന്വേഷണം സംസ്ഥാനത്തെ വിജിലൻസിന് കൈമാറാൻ നിർബന്ധിതരായി.നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ജൂനിയർ സൂപ്രണ്ടായിരുന്ന വാസുദേവൻ പോറ്റി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസറർമാരായിരുന്ന സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരെ പ്രതിയാക്കി പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കേസെടുത്തു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലു അതും തള്ളി. ഇതിന് പിന്നാലെയാണ് നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയപ്രകാശിനെ സസ്പെന്‍റ് ചെയ്തിരിക്കുന്നത്.