കണ്ണൂര്‍ | നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഓണക്കാലത്തോട് അനുബന്ധിച്ച് കോര്‍പ്പേറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. പഴകിയ ചിക്കന്‍, ബീഫ്, മത്സ്യം തുടങ്ങിയവയും ഉപയോഗശൂന്യമായ ഭക്ഷ്യ എണ്ണയും പിടിച്ചെടുത്തു.
അഞ്ച് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ നാലിടത്ത് നിന്നും പഴകിയ ഭക്ഷണം പിടികൂടി. കഫേ മൈസൂണ്‍, ഫുഡ് വേ, ഹോട്ട് പോട്ട്, ബെനാലെ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കോര്‍പ്പറേഷന്‍ ആരാഗ്യ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി പി ബൈജു, എസ് എച്ച് ഐ മാരായ സി ഹംസ, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.