ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രിം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രിംകോടതി ചോദിച്ചു. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം.
എന്തിനാണ് സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നതെന്ന് ആന്ധ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഢിയോട് സുപ്രിം കോടതി ആരാഞ്ഞു.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രിംകോടതി തയാറായില്ല.അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അഭിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാല്‍ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.