//
15 മിനിറ്റ് വായിച്ചു

കസ്റ്റംസ് സൂപ്രണ്ട് മുതൽ കാബിൻ ക്രൂ വരെ, കരിപ്പൂര്‍ വഴി സ്വര്‍ണ്ണം കടത്തുന്നവരിൽ ഉദ്യോഗസ്ഥരും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവള ജീവനക്കാര്‍ സ്വര്‍ണം കടത്തുകയും കടത്തിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നത് പതിവാകുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങളും കരിപ്പൂരില്‍ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. സ്വര്‍ണ കടത്തുകാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം അപഹരിക്കുകയും ജീവന് വരെ ഭീഷണിയാകുന്ന സംഭവങ്ങളും പതിവായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് തന്നെ സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും പുറത്തെത്തിച്ച സ്വര്‍ണത്തിന് 25,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും പണം കൈമാറുന്ന സമയത്ത് പൊലീസ് പിടിയിലാകുകയുമായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിലധികമായി കസ്റ്റംസ് പിടിക്കപ്പെടുന്നതിനേക്കാളും കൂടുതല്‍ സ്വര്‍ണം കരിപ്പൂര്‍ പൊലീസാണ് പിടികൂടുന്നത്.

കസ്റ്റംസില്‍ കള്ളക്കടത്ത് കണ്ടുപിടിക്കുന്നതിന് അത്യാധുനിക സംവിധാനങ്ങള്‍ ഉണ്ടെങ്കിലും കള്ളക്കടത്ത് സ്വര്‍ണം നിര്‍ബാധം പുറത്തെത്തുകയാണ്. പൊലീസിന്റെ ജാഗ്രത കാരണം മാത്രമാണ് ഇത്തരം കള്ളക്കടത്തുകളിൽ ചിലതെങ്കിലും പിടിക്കപ്പെടുന്നത്. അടുത്തകാലത്തായി കസ്റ്റംസില്‍ എന്തുകൊണ്ട് സ്വര്‍ണം പിടിക്കപ്പെടുന്നില്ല എന്ന പൊതുചോദ്യത്തിന് കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിലായ സംഭവം ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ തന്നെ കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തതിനും സ്വര്‍ണം തട്ടിയെടുത്തതിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ മുമ്പും സിബിഐയുടെ പിടിയിലായിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ വിമാന ജീവനക്കാരും വിമാനത്താവള ജീവനക്കാരും സ്വര്‍ണക്കടത്തുമായി പിടിയിലാകുന്നുണ്ട്. ഇതും ഏറിയപങ്കും പൊലീസ് തന്നെയാണ് പിടികൂടിയിട്ടുള്ളത്.

എയര്‍ഹോസ്റ്റസുമാരും ക്യാബിന്‍ ക്രൂ ജീവനക്കാരും വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരും സ്വര്‍ണക്കടത്തുമായി പിടിയിലായിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തന്നെ സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നത് വിമാനത്താവളത്തിന്റെ സല്‍പ്പേരിന് കളങ്കമാകുകയാണ്. ഇന്നലെ അറസ്റ്റിലായ സൂപ്രണ്ട് മുനിയപ്പയുടെ താമസസ്ഥലത്ത് നിന്നും യു എ ഇ കറന്‍സികളും കണക്കില്‍പ്പെടാത്ത നാലര ലക്ഷത്തോളം രൂപയും കണ്ടെടുത്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version