തിരുവനന്തപുരം> മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഐഎസ്‌ആർഒ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാംഘട്ടം കടന്നു. വിശാഖപട്ടണത്തെ നാവികസേനാ ഡോക്ക്‌യാർഡിലായിരുന്നു പരീക്ഷണം. ബഹിരാകാശത്തുനിന്ന് മടങ്ങിയെത്തി കടലിൽ പതിക്കുന്ന ക്രൂമോഡ്യൂളിനെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുന്ന ചുമതല നാവികസേനയ്‌ക്കാണ്.
മൂന്നു ബഹിരാകാശ സഞ്ചാരികളടങ്ങുന്ന പേടകത്തെ തുടർച്ചയായി നിരീക്ഷിക്കുക, സ്ഥാനനിർണയം നടത്തുക, പതിക്കുന്ന സ്ഥലത്ത് താമസമില്ലാതെ എത്തുക, പേടകത്തെ കപ്പലിലേക്കും കരയിലേക്കും എത്തിക്കുക തുടങ്ങി നിരവധി ഘട്ടങ്ങളാണുള്ളത്. ഇതിനായുള്ള ആദ്യ പരിശീലനം കൊച്ചിയിലായിരുന്നു. ഉൾക്കടലിലും പരിശീലനം തുടരും.
മനുഷ്യനെ അയക്കുന്നതിനു മുന്നോടിയായുള്ള ആളില്ലാപറക്കൽ രണ്ടു മാസത്തിനകം നടക്കും. മൂന്നു പേരടങ്ങുന്ന സംഘത്തെ രണ്ടു വർഷത്തിനുള്ളിൽ ബഹിരാകാശത്തേക്ക് അയക്കുകയാണ് ഐഎസ്‌ആർഒയുടെ ലക്ഷ്യം. ഗഗനചാരികൾക്കുള്ള പരിശീലനവും നടക്കുന്നു.