/
9 മിനിറ്റ് വായിച്ചു

മീന്‍ ലോറിയില്‍ കഞ്ചാവ് കടത്ത്; കണ്ണൂര്‍ സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മീന്‍ ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ കാരാട്ട്കുന്ന് മുഹമ്മദ് റാഹിന്‍, മുഴപ്പിലങ്ങാട് സ്വദേശി ഹര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രഹസ്യമായി കടത്താന്‍ ശ്രമിച്ച 156 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

മീന്‍ ലോറിക്കുള്ളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി 78 പൊതികളാക്കിയാണ് പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സംസ്ഥാനത്ത് ചില്ലറ വില്‍പ്പനക്ക് ആണ് ഇത് എത്തിച്ചത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പ്രാഥമിക വിവരം. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ബൈപ്പാസില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്.

ഇവര്‍ മിനി പിക്കപ്പ് ലോറിയില്‍ സാധാരണ മീന്‍ കയറ്റി പോകുന്ന രീതിയില്‍ പോവുകയായിരുന്നു. വാഹനത്തില്‍ നിറയെ മീന്‍ പെട്ടികളും ഉണ്ടായിരുന്നു. ഈ പെട്ടികള്‍ കൊണ്ട് കഞ്ചാവ് വെച്ച രഹസ്യ അറകള്‍ മറച്ചുവെച്ചിരുന്നു. അതിനാല്‍ ഒറ്റ നോട്ടത്തില്‍ പൊതികള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നില്ല.

പോലീസ് വാഹനത്തില്‍ നിന്ന് മീന്‍പെട്ടികള്‍ പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് രഹസ്യഅറക്കുള്ളില്‍ കഞ്ചാവ് കണ്ടെത്തിയത്. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പ്രതികളോട് ചോദിച്ചു വരികയാണ്. പിടികൂടിയ കഞ്ചാവിന് 50 ലക്ഷത്തിലേറെ രൂപ വിലമതിപ്പുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version