ജെൻഡർ ന്യൂട്രൽ യൂണിഫോം വിവാദങ്ങൾക്കിടെ സർക്കാർ നിലപാട് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വ്യക്തികൾക്ക് അവരാഗ്രഹിക്കുന്ന തരത്തിലുളള വസ്ത്രം ധരിക്കാം എന്ന ആശയത്തിലൂന്നിയാണ് പോസ്റ്റ്.
കോഴിക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് വിഎച്ച്എസ്എസിലെ ഓണാഘോഷത്തിനെത്തിയ പെൺകുട്ടികളുടെ ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.”ഇതുമാകാം അതുമാകാം അവരവരുടെ ഇഷ്ടമാണ്. മാറ്റത്തിന് മാത്രമാണ് മാറ്റമില്ലാത്തത്” എന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു.
ജെൻഡർ ന്യൂട്രൽ യൂണിഫോം പോലെയുള്ളവ അടിച്ചേൽപിക്കുകയല്ല പകരം വ്യക്തികൾക്ക് അവരാഗ്രഹിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമാണ് സ്‌കൂളുകളിലുണ്ടാവേണ്ടത് എന്നതാണ് മന്ത്രിയുടെ പോസ്റ്റ് നൽകുന്ന ആശയം.
യൂണിഫോമിൽ ആൺ-പെൺ വേർതിരിവ് ആവശ്യമില്ലെന്ന ചിന്തയിൽ നിന്ന് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സംസ്ഥാനത്തെ വിവിധ സ്‌കൂളുകൾ മുന്നോട്ട് വന്നിരുന്നു. ഹയർ സെക്കൻഡറി തലത്തിൽ ആദ്യം ഈ യൂണിഫോം നടപ്പാക്കിയത് കോഴിക്കോട് ബാലുശ്ശേരി സർക്കാർ സ്‌കൂളായിരുന്നു. അതേസമയം, വിവിധ കോണുകളിൽ നിന്നും യൂണിഫോമിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു.