/
11 മിനിറ്റ് വായിച്ചു

വയനാടിന്റെ പൊൻമണി ; ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ‘മിന്നുമണി’

കൽപ്പറ്റ
‘എടപ്പടി’, -അധികമാരും കേൾക്കാത്ത വയനാട്ടിലെ കാർഷിക ഗ്രാമം. നെല്ലാണ്‌ കൃഷി. ഇവിടെയാണ്‌ ഈ പൊൻമണി വിളഞ്ഞത്‌, ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ‘മിന്നുമണി’. ദേശീയ ടീമിൽ ആദ്യമായി ഒരു കേരളതാരം ഇടം നേടുമ്പോൾ അഭിമാനം വാനോളമാണ്‌. നൂറുമേനി വിളവിന്റെ ആഹ്ലാദത്തിലാണ്‌ ഈ ഗോത്രഗ്രാമം. സ്വപ്‌നം കാണാൻപോലും മടിച്ചിരുന്ന നേട്ടത്തിലേക്കാണ്‌ ഒരാദിവാസി പെൺകുട്ടി ബാറ്റേന്തി നടന്നുകയറിയത്‌.

മാനന്തവാടി ജിവിഎച്ച്‌എസ്‌എസിൽ പഠിക്കുമ്പോഴാണ്‌ മിന്നുമണി ക്രിക്കറ്റിലേക്ക്‌ കടക്കുന്നത്‌. കളിയിൽ തിളങ്ങിയതോടെ കേരള ക്രിക്കറ്റ്‌ അക്കാദമിയിലേക്ക്‌ തെരഞ്ഞെടുത്തു. തൊടുപുഴ, വയനാട്‌, തിരുവനന്തപുരം അക്കാദമികളിലെ പരിശീലനത്തിലൂടെ കളിമികവിന്റെ മൂർച്ചകൂട്ടി കേരള ടീമിൽ അംഗമായി.  സംസ്ഥാനതലത്തിലെ പ്രകടനം ചലഞ്ചേഴ്‌സ്‌ ട്രോഫിയിൽ ഇന്ത്യ ബ്ലൂ ടീമിലെത്തിച്ചു. പിന്നീട്‌ എ ടീമിൽ അംഗമായി. സീനിയർ വനിതാ ക്രിക്കറ്റിൽ ദക്ഷിണമേഖലയ്ക്കായി കളിച്ചു. ഡൽഹി ക്യാപിറ്റൽസിന്റെ താരമായി വനിതാ ഐപിഎല്ലിൽ കളിച്ച ആദ്യ മലയാളി എന്ന റെക്കോഡായിരുന്നു ഇതുവരെ മികച്ചത്‌.

ഇപ്പോൾ ഇന്ത്യൻ ടീമിലെത്തി നേട്ടത്തിന്റെ നെറുകയിലായി. ഇടംകൈ ബാറ്ററും വലംകൈ സ്‌പിൻ ബൗളറുമാണ്‌. ഓൾ റൗണ്ട്‌  മികവാണ്‌ ഇന്ത്യൻ ടീമിലെത്തിച്ചത്‌.
കാർഷിക ഗോത്രകുടുംബമാണ്‌ താരത്തിന്റേത്‌. മാനന്തവാടി ചോയിമൂല എടപ്പടി മാവുംകണ്ടി മണിയുടെയും -വസന്തയുടെയും മകളാണ്‌. കൃഷിയും പശുവളർത്തലുമാണ്‌ കുടുംബത്തിന്റെ ഉപജീവന മാർഗം. ഒരാഴ്‌ചയായി വയനാട്‌ കൃഷ്‌ണഗിരി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ കെസിഎയുടെ പരിശീലന ക്യാമ്പിലാണ്‌. തിങ്കൾ വൈകിട്ടോടെ മണിയും വസന്തയും സ്‌റ്റേഡിയത്തിലെത്തി മകളെ വാരിപ്പുണർന്നു. കെസിഎയുടെ വുമൺ ക്രിക്കറ്റർ ഓഫ്‌ ദ ഇയർ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ മിന്നുമണി നേടിയിട്ടുണ്ട്‌. സഹോദരി  മിമിത ബിരുദ വിദ്യാർഥിയാണ്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version