തലശേരി: ഗുഡ്സ് ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദിച്ച നാലംഗ സംഘം റിമാൻഡിൽ. പൊന്ന്യം കുണ്ടുചിറയിലെ കുനിയിൽ വീട്ടിൽ സി ഷാജിയെ(45) നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ടെമ്പിൾഗേറ്റ് കുനിയിൽ കെ ശരത്ത് (32),നങ്ങാറത്ത് പീടിക ശിവദത്തിൽ ടി കെ വികാസ് (43), ടെമ്പിൾഗേറ്റ് ജനീഷ് നിവാസിൽ ടി ജനീഷ് (32), പത്രിയിൽ ഹൗസിൽ വി എം അഭിജിത്ത് (29) എന്നിവരെയാണ് തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തത്.പൊലീസിനെ കബളിപ്പിക്കാൻ മൊബൈൽ ഫോൺ വീടുകളിൽ വെച്ചാണ് പ്രതികൾ നാട്ടിൽ നിന്നും പോയത്. പിന്നീട് നാട്ടിലേക്ക് ചെയ്ത ഫോൺ കോളിലൂടെയാണ് പ്രതികളെ കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചത്. മർദനത്തിൽ തലക്കും മുഖത്തും പരിക്കേറ്റ ഷാജിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിയുടെ അനുജന്റെ ഭാര്യയും കുണ്ടുചിറ അണക്കെട്ടിനടുത്ത് ഓംകാരം വീട്ടിൽ ദീപയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഇവർ പലരിൽ നിന്നായി ഒരുകോടി രൂപയോളം ബ്ലേഡ് ഇടപാടിനായി വാങ്ങിയതായാണ് വിവരം. ഷാജിക്കും തുക ലഭിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു.