/
9 മിനിറ്റ് വായിച്ചു

ഗുരുവായൂരപ്പന്‍റെ കാണിക്ക ഇനി ഗൂഗിള്‍ പേ, ഫോണ്‍ പേ വഴിയും; ഇ- ഭണ്ഡാരങ്ങൾ റെഡി

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാനായി സ്ഥാപിച്ച  ഇ- ഭണ്ഡാരങ്ങൾ  ഗുരുവായൂരപ്പന് സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, എസ്.ബി.ഐ നെറ്റ്’ വർക്ക് 2 ന്‍റെ ചുമതല വഹിക്കുന്ന ജനറൽ മാനേജർ റ്റി.ശിവദാസ് എന്നിവർ ചേർന്നാണ് ഇ-ഭ ണ്ഡാരസമർപ്പണം നടത്തിയത്.

ഡിജിറ്റൽ യുഗത്തിൽ കടലാസ് രഹിത പണമിടപാട് പ്രോൽസാഹിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഗുരുവായൂർ ദേവസ്വവും പങ്കു ചേരുകയാണെന്ന് ചെയർമാൻ ഡോ: വി.കെ. വിജയൻ പറഞ്ഞു. എസ്.ബി.ഐ ജനറൽ മാനേജർ ടി.ശിവദാസ്  ഇ- ഭണ്ഡാരത്തിൽ ആദ്യ കാണിക്കയായി 1001 രൂപ സമർപ്പിച്ചു.

കിഴക്കേ ഗോപുര കവാടത്തിൽ ദീപസ്തംഭത്തിന് മുന്നിൽ ഇരു വശങ്ങളിലുമായാണ് എസ്.ബി.ഐയുടെ സഹകരണത്തോടെ രണ്ട് ഇ- ഭണ്ഡാരങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. സ്മാർട്ട് ഫോൺ കൈവശമുള്ള ഭക്തർക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാം.  യു പി ഐ  പേമെന്‍റ് സംവിധാനം ഉപയോഗിച്ച് ഗൂഗിൾ പേ, പേ ടൈം, ഭീം പേ ഉൾപ്പെടെ ഏത് മാർഗം വഴിയും ക്യൂആര്‍ കോഡ് സ്കാൻ ചെയ്ത് കാണിക്കയർപ്പിക്കാം.

ഇ-ഭണ്ഡാരം വഴി ലഭിക്കുന്ന തുക ഓരോ മാസത്തെയും ഭണ്ഡാരം എണ്ണലിൽ ഉൾപ്പെടുത്തി രേഖപ്പെടുത്തും. കഴിഞ്ഞ ജൂൺ 24ന് ചേർന്ന ദേവസ്വം ഭരണ സമിതി യോഗമാണ് ഇ – ഭണ്ഡാരം സ്ഥാപിക്കാൻ തീരുമാനിച്ചത്. തീരുമാനമെടുത്ത് മൂന്നു മാസത്തിനകം തന്നെ ഇ- ഭണ്ഡാരം സമർപ്പിക്കാൻ സാധിച്ചു.

സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ , അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ , ഡി.എ മാരായ പി.മനോജ് കുമാർ, എ.കെ.രാധാകൃഷ്ണൻ ,എസ്.ബി.ഐ ഡപ്യൂട്ടി ജനറൽ മാനേജർ രമേശ്.വി, റീജിയണൽ മാനേജർ മനോജ് കുമാർ എം.എന്നിവർ സന്നിഹിതരായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!