//
12 മിനിറ്റ് വായിച്ചു

വൈസ് ചാൻസിലർമാർ രാജി വെയ്ക്കണോ?; വൈകിട്ട് നാല് മണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്

സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ​ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ ഇന്ന് നാല് മണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി പരിഗണിക്കും. വിസിമാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരി​ഗണിക്കുന്നത്.
കേരളത്തിലെ ഒൻപത് സർവകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ അന്ത്യശാസനം നൽകിയതിന് പിന്നാലെ സർക്കാർ-ഗവർണർ പോര് അതിരൂക്ഷമാകുകയാണ്. ഗവർണർ കേരളത്തിൽ സംഘപരിവാറിന് അഴിഞ്ഞാടാൻ കളമൊരുക്കരുതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഇതിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്നുമാണ് സർക്കാർ നിലപാട്. ക്ഷുദ്രശക്തികൾക്ക് കൂട്ടുനിൽക്കരുതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
യൂണിവേഴ്‌സിറ്റിക്ക് പുറത്ത് ചാൻസലർക്ക് ഒരു അധികാരവും ഇല്ലെന്ന് ഗവർണർ ഓർമിപ്പിച്ചു. സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ഗവർണറുടെ നീക്കത്തിന് പ്രതിപക്ഷ നേതാവ് കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ലീഗ് നേതാക്കൾ ആപത്ത് തിരിച്ചറിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാല നിയമങ്ങളിൽ വി.സിയെ മാറ്റാൻ ഗവർണർക്ക് അധികാരം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബില്ലുകളിൽ ഒപ്പിടില്ലെന്ന പ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണ്. ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചന അധികാരം ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മറ്റ് രാജ്യങ്ങളിലെ മികവിന്റെ കേന്ദ്രങ്ങളിൽ പഠിക്കാൻ കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മേന്മ കൂടിയാണെന്ന് ചിന്തിക്കാൻ ഗവർണർക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണ്. ചാൻസലറായിരിക്കാൻ ഗവർണർ യോഗ്യനല്ല. ഗവർണർ സമൂഹത്തിന് മുന്നിൽ സ്വയം പരിഹാസ്യനാകരുതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version