മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുളള പോര് പരിഹരിക്കാൻ കേന്ദ്ര സർക്കാരോ, രാഷ്ട്രപതിയോ മധ്യസ്ഥത വഹിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇരുവരും തമ്മിലുളള തർക്കം ജനാധിപത്യത്തിന് ഭീഷണിയും നമ്മുടെ സംസ്കാരത്തിന് അപമാനവുമാണെന്ന് സുധാകരന് പറഞ്ഞു.
തർക്കം ഭരണസ്തംഭനമുണ്ടാക്കിയാൽ പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കായംകുളത്ത് എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
കുട്ടികൾ തെരുവിൽ തെറി വിളിക്കുന്നത് പോലെയാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുളള തർക്കം. ഒന്നുകിൽ ഈ സർക്കാരിനെ പിരിച്ചുവിടണം അല്ലെങ്കിൽ ഗവർണറെ പിൻവലിക്കണം. ഗവർണറുടെ ജീവന് ഭീഷണിയുണ്ടെന്നത് ഗൗരവമായി കാണേണ്ടതാണ്. ഇതിന് പിന്നിൽ സിപിഐഎമ്മാണെന്നും കെ സുധാകരൻ ആരോപിച്ചു.
സർവകലാശാലകളിലെ നിയമനങ്ങളെല്ലാം പിൻവാതിൽ നിയമനങ്ങളായിരുന്നു. ഇതിന് സിപിഐഎമ്മിനെ സഹായിച്ചത് ഗവർണറാണെന്നും കെ സുധാകരൻ ആരോപിച്ചു.സർക്കാർ ഗവർണറുടെ ദൗർബല്യം ചൂഷണം ചെയ്യാൻ ശ്രമിച്ചതാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണമായത്. യോഗ്യതയില്ലാത്തവരെ നിയമിക്കാൻ സാധിക്കില്ലെന്ന് നിലപാടെടുത്തതിന് ഗവർണറെ കുറ്റം പറയാൻ പറ്റില്ലെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
സാമാന്യ ബോധ്യമുളളവരാരും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തളളിപ്പറയില്ല. സിപിഐഎം കേന്ദ്ര നേതൃത്വം വരെ അംഗീകരിച്ചു. കേരളത്തെ പച്ചത്തുരുത്തായി കാണുന്ന സിപിഐഎം സംസ്ഥാന നേതൃത്വം ഭാരത് ജോഡോയെ മാത്രമല്ല സിപിഐഎം കേന്ദ്ര കമ്മിറ്റിയെ വരെ തളളിപ്പറയുമെന്നും കെ സുധാകരൻ വിമർശിച്ചു.
നിയമന വിവാദത്തിൽ ഗവർണർക്കെതിരെ ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി രൂക്ഷ ഭാഷയിൽ സംസാരിച്ചതാണ് പുതിയ തർക്കത്തിന് കാരണമായത്.പേഴ്സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ തന്റെ പേര് ആരോപിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഗവര്‍ണര്‍ അസംബന്ധം പറയുകയാണ്.
ഇതില്പരം അസംബന്ധം മറ്റൊരാള്‍ക്കും പറയാന്‍ കഴിയില്ല.ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് ആയിരിക്കണം സംസാരം. നാടിനേക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ കഴിയുമോ? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്. തീരുമാനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കാം. ഇങ്ങനെ പ്രതികരണം നടത്താന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.