സ്‌കൂള്‍ സമയം മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മിക്‌സഡ് യൂണിഫോമിന്‍റെ കാര്യത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ നിയമസഭയില്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
ജന്‍ഡര്‍ ന്യൂട്രോലിറ്റിയല്ല ജന്‍ഡര്‍ കണ്‍ഫ്യൂഷനാണ് നടക്കുന്നതെന്ന് പറഞ്ഞാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തെ എന്‍. ഷംസുദീന്‍ എം.എൽ.എ നിയമസഭയില്‍ വിമര്‍ശിച്ചത്. ജന്‍ഡര്‍ വേര്‍തിരിവ് ജൈവശാസ്ത്ര പരമെന്നും മറിച്ചുള്ള നിലപാട് വിവരക്കേട് എന്നും ലീഗ് അംഗം പറഞ്ഞു.
എന്നാല്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഇതുവരെ സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നതായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പൊതു സമൂഹത്തിന്‍റെ അഭിപ്രായം ആരായുന്നതിനുള്ള ആശയം മാത്രമാണ് മുന്നോട്ട് വെച്ചിരിക്കുന്നത് എന്നും ഇത് ഒരു തീരുമാനമല്ലെന്നും
വി.ശിവന്‍കുട്ടി പറഞ്ഞു. ഒപ്പം സ്‌കൂള്‍ സമയ മാറ്റം, പൊതുയൂണിഫോം, മിക്‌സഡ് സ്‌കൂള്‍ എന്നിങ്ങനെ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.