കണ്ണൂര്‍: കര്‍ഷക തൊഴിലാളി ക്ഷേമനിധി അതിവര്‍ഷാനുകൂല്യം കുടിശ്ശിക തീര്‍ത്തു നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായും അഞ്ഞൂറ് കോടി രൂപ അനുവദിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കം പറയുമ്പോഴും പരിഗണന നല്‍കേണ്ട മേഖലകളെ വിസ്മരിക്കരുതെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ആവശ്യപ്പെട്ടു. കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ (ബി.കെ.എം.യു) ആഭിമുഖ്യത്തില്‍ ജില്ലാ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകതൊഴിലാളി ക്ഷേമനിധി അതിവര്‍ഷാനുകൂല്യം പൂര്‍ണമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തിരമായും അഞ്ഞൂറ് കോടി രൂപ അനുവദിക്കുക, ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിച്ച് നല്‍കുക, പെന്‍ഷന്‍ മൂവായിരം രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.