കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചു.രാജ്യത്തെ 22 ഇടങ്ങളില്‍നിന്ന് സര്‍വിസ് നടത്തുന്നതിനാണ് ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാന കമ്ബനികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചത്. കേരളത്തില്‍നിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പുതിയ ഹജ്ജ് നയ പ്രകാരം രാജ്യത്തെ 25 വിമാനത്താവളങ്ങളാണ് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നത്.
2009 മുതല്‍ പട്ടികയിലുള്ള മംഗലാപുരവും 2010ല്‍ ഇടംപിടിച്ച ഗോവയും പുതുതായി വന്ന അഗര്‍ത്തലയുമാണ് ഒഴിവാക്കിയത്. അപേക്ഷകരുടെ കുറവാണ് ഇവ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. അതേസമയം, വിജയവാഡ പുതുതായി ഇടംപിടിച്ചു.1,38,761 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേരളത്തില്‍നിന്ന് 13,300 പേര്‍ – കരിപ്പൂര്‍: 8,300, കൊച്ചി: 2,700, കണ്ണൂര്‍: 2,300. ഇതില്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളും രണ്ടാംഘട്ടത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് മാറാനും സാധ്യതയുണ്ട്. നിലവിലുള്ള ഷെഡ്യൂള്‍ പ്രകാരം രണ്ടാംഘട്ടത്തില്‍ ജൂണ്‍ ആറുമുതല്‍ 22 വരെയാണ് കേരളത്തില്‍നിന്നുള്ള സര്‍വിസ്. സംസ്ഥാനത്തുനിന്നുള്ള തീര്‍ഥാടകര്‍ മദീനയിലേക്കാണ് പുറപ്പെടുക.മടക്കയാത്ര ജിദ്ദയില്‍നിന്ന് ജൂലൈ 13 മുതല്‍ ആഗസ്റ്റ് രണ്ടു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഹജ്ജ് ടെന്‍ഡറില്‍ ഓരോ വിമാനത്താവളങ്ങളില്‍നിന്നും സര്‍വിസ് നടത്തുന്ന വിമാനങ്ങള്‍ ഏതെല്ലാമെന്ന് ഉള്‍പ്പെടുത്താറുണ്ട്. ഇക്കുറി വിമാനത്താവളങ്ങളുടെ റഫറന്‍സ് കോഡ് മാത്രമാണുള്ളത്.