ഹലാൽ ഭക്ഷണം സംബന്ധിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. വെൽഫെയർ പാർട്ടി നല്‍കിയ പരാതിയിലാണ് നടപടി. സെക്രട്ടേറിയേറ്റിന് മുന്നില്‍ നവംബർ 17 ന് നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാറാണ് പരാതി നല്‍കിയത്. പ്രസംഗം മതസ്പർദ്ധ വളർത്തുന്നതും വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നുവെന്നാണ് ആരോപണം. പരാതി നല്‍കി ഏറെ നാളുകള്‍ക്ക് ശേഷം ഡിസംബര്‍ 13നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാല്‍, ഇതില്‍ 153A, 295A എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. പകരം എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്.ഈ സര്‍ക്കാര്‍ കാലത്ത് കേരളാ പൊലീസും സംഘപരിവാറും തമ്മിൽ അന്തർധാര സജീവമാണെന്ന് വെല്‍ഫയര്‍പാര്‍ട്ടി ആരോപിക്കുന്നു. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പൊലീസിൽ നിന്ന് നീതിപൂർവമായ നടപടികളല്ല ഉണ്ടാകുന്നതെങ്കിൽ നിയമപരമായ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.