പാക് അധിനിവേശത്തില്‍ നിന്ന് ബംഗ്ലാദേശിനെ ഇന്ത്യ മോചിപ്പിച്ചതിന്റെ അന്‍പതാം വാര്‍ഷികമായ ഇന്ന് രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങള്‍. 1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയം അവിസ്മരണീയമാണ്. രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരമര്‍പ്പിച്ചു. ഡല്‍ഹിയിലെ വാര്‍ മെമ്മോറിയലില്‍ നടന്ന ചടങ്ങില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മൂന്ന് സേനകളുടെ തലവന്മാരും ചടങ്ങില്‍ പങ്കെടുക്കാനെത്തി. വാര്‍ മെമ്മോറിയലില്‍ പ്രധാനമന്ത്രി സൈനികര്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആഘോഷ പരിപാടികള്‍ പുരോഗമിക്കുകയാണ്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നടക്കുന്ന പരിപാടികളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് മുഖ്യാതിഥി.
സ്വര്‍ണീം വിജയ വര്‍ഷമായാണ് യുദ്ധത്തിന്റെ 50ാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുന്നത്. സാധാരണക്കാരായ കുട്ടികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ സൈന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. 13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവിലാണ് 71ല്‍ പാകിസ്താന്‍ ഇന്ത്യയ്ക്കുമുന്നില്‍ മുട്ടുമടക്കിയത്. അന്നത്തെ പാക് സൈനിക മേധാവിയും 93,000 പാക് സൈനികരുമാണ് കീഴടങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ കീഴടങ്ങുന്ന മറ്റൊരു യുദ്ധമുണ്ടായത്. ഇന്ത്യയുടെ മൂന്ന് സേനകളും ഒന്നിച്ചുപങ്കെടുത്ത ആദ്യ യുദ്ധം കൂടിയായിരുന്നു ഇത്. പാകിസ്താന്‍ കീഴടങ്ങിയതോടെ കിഴക്കന്‍ പാകിസ്താനെ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു.