ചമ്പാട് : പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ഡിജിറ്റൽ വിവരശേഖരണ സർവേയ്ക്ക് തുടക്കമായി. മാലിന്യനിർമാർജനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് തയ്യാറാക്കിയത്.പന്ന്യന്നൂർ പഞ്ചായത്തിലെ 6,298 വീടുകളിലും ഹരിതകർമ സേനാംഗങ്ങളെത്തി വിവരശേഖരണം നടത്തും. പ്രാരംഭ ഘട്ടത്തിൽ 390 വീടുകളുള്ള 14-ാം വാർഡിലെ എല്ലാ വീട്ടിലും രണ്ടു ദിവസത്തിനകം സർവേ പൂർത്തിയാക്കും.
ഓരോ വീട്ടിലും ക്യു ആർ കോഡ് പതിക്കും. ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ വീട് / സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കും. കൈമാറുന്ന മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, നൽകിയ യൂസർ ഫീ, ഫീ നൽകാത്ത ഉടമകളുടെ വിവരങ്ങൾ എന്നിവയാണ് ലഭിക്കുക. ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടാനും പരാതികൾ അറിയിക്കാനും വരിസംഖ്യ അടയ്ക്കുന്നതിനുമുള്ള സൗകര്യവും ഈ ആപ്പിൽ ലഭ്യമാകും.
പഞ്ചായത്തിലെ വിവിധ സേവനങ്ങൾക്ക് ഹരിത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ പഞ്ചായത്താണിത്. വിവാഹ രജിസ്ട്രേഷനുൾപ്പടെ നടത്തണമെങ്കിൽ ഹരിത പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നാണ് നിർദേശം. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകൻ ഡിജിറ്റൽ വിവരശേഖരണ സർവേ ഉദ്ഘാടനം ചെയ്തു.
ഹരിതകേരളം മിഷൻ ആർ.പി. ലത കാണി മുഖ്യാതിഥിയായിരുന്നു.സ്ഥിരംസമിതി ചെയർമാൻ പി.പി.സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എം.വി.ബീന, കെ.കെ.മണിലാൽ, കെൽട്രോൺ പ്രതിനിധി കെ.അഖിൽ, വി.ഇ.ഒ. പി.നിരൂപ് കുമാർ,കെ.പി.നിനിത, വാർഡംഗം കെ.കെ.മോഹൻകുമാർ, വി.പി.പ്രീന എന്നിവർ സംസാരിച്ചു.