/
11 മിനിറ്റ് വായിച്ചു

വിദ്വേഷ പ്രസംഗക്കേസ്; പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗക്കേസിൽ പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. സർക്കാർ നടപടി രാഷ്ടീയ ലക്ഷ്യങ്ങളോടെയാണെന്നും ജാമ്യം വേണമെന്നുമാണ് പി സി ജോർജിൻറെ ആവശ്യം. കേസിൽ തൻറെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോർജിൻറെ ആവശ്യം കോടതി തള്ളിയിരുന്നു.വെണ്ണലയിലെ പരിപാടിയിലേക്ക് പിസി ജോർജ്ജിനെ വിളിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗം ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടാണോ സംഘാടകർ ക്ഷണിച്ചതെന്ന് അന്വേഷിക്കുമെന്നും, പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് തിടുക്കമില്ലെന്നും കമ്മീഷണർ പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പി സി ജോർജ്ജിനെതിരെ കേസ്. പാലാരിവട്ടം പൊലീസാണ് പി സി ജോർജ്ജിന് എതിരെ സ്വമേധയാ കേസെടുത്തത്. 135 എ, 295 വകുപ്പുകൾ പ്രകാരമാണ് കേസ്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത സമാനമായ കേസിൽ നടപടികൾ നേരിടവെയാണ് പിസി ജോർജ് എറണാകുളം വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയത്.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ പിസി ജോർജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം ലഭിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നെന്നാണ് മാധ്യമങ്ങളോട് പിസി ജോർജ് പറഞ്ഞത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version