കൽപ്പറ്റ | വയനാട് അരിമുള സ്വദേശി ഗൃഹനാഥന്റെ മരണം ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അജയരാജ് വീട്ടില്‍ നിന്നും ജോലിക്കായി പോയത്. ഇതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ പ്രദേശത്തെ ഒരു തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.
അജയരാജ് കിഡ്നി രോഗിയാണ്. ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതയും മാനസിക സംഘര്‍ഷവുമാണ് മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു പൊലീസിന്റെയും ബന്ധുക്കളുടെയും പ്രാഥമിക നിഗമനം.
എന്നാല്‍ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ അജയരാജിന്റെ ഏതാനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവരുടെ ഫോണിലേക്ക് ചില അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും ലഭിച്ചു. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുക ആയിരുന്നു. അശ്ലീല സന്ദേശം ലഭിച്ച നമ്പറിലേക്ക് അജയരാജ് മരിച്ചെന്ന് പൊലീസ് മെസേജ് അയച്ചപ്പോള്‍ നല്ല തമാശ എന്നായിരുന്നു മറുപടി. പന്ത്രണ്ടംഗ ഇന്റര്‍നെറ്റ് നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.