സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ ഏറെ പുതുമകളുമായി അവതരിപ്പിച്ച 2023 -24 വർഷത്തേക്കുള്ള കണ്ണൂർ സർവകലാശാലാ ബജറ്റ് സിൻഡിക്കേറ്റ് അംഗീകരിച്ചു. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗവും ഫിനാൻസ് സ്റ്റാന്‍റിങ് കമ്മിറ്റി അംഗവുമായ എൻ. സുകന്യ ബജറ്റ് അവതരിപ്പിച്ചു.
അക്കാദമിക് – വിദ്യാർത്ഥി വികസന പദ്ധതികൾ, പരീക്ഷാ നടത്തിപ്പും അനുബന്ധ പദ്ധതികളും, അടിസ്ഥാന സൗകര്യ വികസനം, തനതുവരുമാന വർധനവിനുള്ള പദ്ധതികൾ എന്നിങ്ങനെ നാല് വിഭാഗത്തിൽ തരംതിരിച്ചുള്ള വികസന പദ്ധതികളാണ് 2023 -24 വർഷത്തേക്കുള്ള ബജറ്റിലൂടെ സർവകലാശാല മുന്നോട്ട് വെക്കുന്നത്. എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഗ്രീൻ എനർജി മാനേജ്‌മെന്‍റ് സിസ്റ്റം, എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
സർവകലാശാലയുടെ 2023-24 സാമ്പത്തിക വർഷത്തെ സമ്പൂർണ ബജറ്റ് നാലു ഭാഗങ്ങളായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒന്നാം ഭാഗത്തിൽ പദ്ധതിയേതരയിനത്തിൽ വരവ് ചെലവുകളും രണ്ടാം ഭാഗത്തിൽ പദ്ധതിയിനത്തിലുള്ള വരവ് ചെലവുകളും മൂന്നാം ഭാഗത്തിൽ പ്രത്യേക ആവശ്യങ്ങൾക്കായുള്ള ഫണ്ടുകളും വിനിയോഗവും നാലാം ഭാഗത്തിൽ കടബാധ്യതകൾ നിക്ഷേപങ്ങൾ മുതലായവയുമാണ് കാണിച്ചിട്ടുള്ളത്. 2023-24 വർഷത്തിൽ മുൻ വർഷത്തെ ബാക്കി ഉൾപ്പെടെ 248.51 കോടി രൂപ വരവും 241.45 കോടി രൂപ ചെലവും വർഷാവസാനം 7.07 കോടി രൂപ നീക്കിയിരുപ്പുമാണ് പ്രതീക്ഷിക്കുന്നത്.
സിൻഡിക്കേറ്റംഗങ്ങളായ പ്രമോദ് വെള്ളച്ചാൽ,ഡോ.കെ.ടി. ചന്ദ്രമോഹൻ, ഡോ.എ. അശോകൻ, ഡോ.പി.കെ. പ്രസാദൻ എന്നിവർ സംസാരിച്ചു.