കൊടും ചൂടിൽ നിന്ന് കേരളത്തിന് തത്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. ചൂട് മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഏറ്റവുമധികം കഠിനമാകുക. എന്നാൽ തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിളലാണ് സൂര്യാതപ മുന്നറിയിപ്പ്.
അതേസമയം ഇന്നലെ സംസ്ഥാനത്തെ താപസൂചിക ഭൂപടം ദുരന്ത നിവാരണ വകുപ്പ് പ്രസീദ്ധീകരിച്ചിരുന്നു. താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേർന്ന് യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന ചൂടിന്റെ അളവ് വ്യക്തമാക്കാനാണ് താപസൂചിക ഭൂപടം. അനുഭവഭേദ്യമാകുന്ന ചൂടിനെ സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൽ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു. കേരളത്തിൽ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനാവശ്യങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് താപസൂചിക ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. ഈ ഭൂപടം പ്രകാരം തിരുവനന്തപുരം, കോട്ടയം, കണ്ണൂർ , ആലപ്പുഴ ജില്ലകളിലെ ചിലയിടങ്ങളിൽ ഇന്നലെ അനുഭവപ്പെട്ടത് കൊടും ചൂടാണ്. 54 ഡിഗ്രി സെൽഷ്യസാണ് ഈ ജില്ലകളിലെ താപനില സൂചിക അഥവാ ഹീറ്റ്ഇൻഡക്സ്. ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത മുന്നറിയിപ്പും ഇന്നലെ ഉണ്ടായിരുന്നു. കണ്ണൂർ, കോഴിക്കോട് , എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്നലെ സൂര്യാഘാത സാധ്യത പ്രവചിച്ചിരുന്നത്. ഇന്നത്തെ താപസൂചിക ഭൂപടം അധികം വൈകാതെ പ്രസിദ്ധീകരിക്കും.