/
12 മിനിറ്റ് വായിച്ചു

കേരളത്തിലെ വടക്കൻ ജില്ലകളിൽ കനത്ത മഴ ; 9 ജില്ലയിൽ 
ഇന്നും നാളെയും മഞ്ഞ അലർട്ട്‌

തിരുവനന്തപുരം
മഴ ശക്തമായി തുടരുന്ന വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. കോഴിക്കോട്‌ താമരശേരിയിൽ വെള്ളക്കെട്ടിൽ വീണ്‌ സഹോദരങ്ങൾ മരിച്ചു. തൃശൂർ കണിമംഗലം പാടശേഖരത്തിൽ വഞ്ചി മറിഞ്ഞ്‌ യുവാവിനെ കാണാതായി. രണ്ടുപേർ രക്ഷപ്പെട്ടു. വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഴ നാശം വിതച്ചു. പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. മലയോരമേഖലകളിൽ മണ്ണിടിച്ചിലും വ്യാപകമാണ്‌. കോഴിക്കോട്‌, വയനാട്‌, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

9 ജില്ലയിൽ 
ഇന്നും നാളെയും മഞ്ഞ അലർട്ട്‌
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും മധ്യ, തെക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. ഒമ്പത്‌ ജില്ലയിൽ തിങ്കളും ചൊവ്വയും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ മഞ്ഞ അലർട്ട്‌. ഇവിടെ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മറ്റു ജില്ലകളിലും മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും മഞ്ഞ അലർട്ട്‌  പ്രഖ്യാപിച്ചിട്ടുണ്ട്‌. ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള മൂന്നു ചക്രവാതച്ചുഴികൾക്കു പുറമെ തിങ്കളാഴ്‌ച പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്‌. 27 വരെ കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ ഇവിടെ മീൻപിടിത്തത്തിന് നിയന്ത്രണമുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ അറിയിച്ചു.

രാത്രി ഗതാഗതം നിരോധിച്ചു
ശക്തമായ മഴ തുടരുന്നതിനാൽ ലാക്കാട് ഗ്യാപ് റോഡിൽ രാത്രി ഗതാഗതം നിരോധിച്ച് കലക്ടർ ഉത്തരവിറക്കി. ദേവികുളം ഇരച്ചിൽപ്പാറ മുതൽ ചിന്നക്കനാൽ വില്ലേജിൽ ചെമ്മണ്ണാർ ഗ്യാപ് റോഡ് ആരംഭിക്കുന്ന ഭാഗം വരെയാണ് വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ ​ഗതാ​ഗത നിരോധനം. വൈകിട്ട് ആറുവരെ ഒറ്റവരിയായി വാഹനങ്ങൾക്ക് കടന്നുപോകാം.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version