//
23 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ലയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം

കണ്ണൂർ ജില്ലയിലെ കണിച്ചാർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മരിച്ച താഴെ വെള്ളറ കോളനിയിലെ അരുവിക്കൽ രാജേഷിന്റെ ഭാര്യ കല്യാണിക്കും മക്കൾക്കും മന്ത്രി പൂളക്കുറ്റി സെന്റ് മേരീസ് ചർച്ചിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മറ്റ് രണ്ടുപേരുടെ കുടുംബങ്ങൾക്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്.

ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യേരി പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവ സന്ദർശിച്ച ശേഷം നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ഉരുൾപൊട്ടലിൽ രണ്ട് പ്രദേശത്തുമായി 175 കോടിയുടെ നാശ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകളെന്ന് മന്ത്രി പറഞ്ഞു.

വിശദമായ കണക്കെടുപ്പ് വിവിധ വകുപ്പുകൾ നടത്തിവരുന്നു. പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യും. ഉരുൾപൊട്ടലിൽ അഞ്ച് വീടുകൾ പൂർണമായും തകർന്നു. 75 വീടുകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചു. പൂർണമായും തകർന്ന വീടുകൾക്ക് പാക്കേജ് നടപ്പിലാക്കും.ഭാഗികമായി തകർന്ന വീടുകൾ പുനർനിർമിക്കാൻ സഹായം നൽകും.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ഉൾപ്പെടെ കെടുതികൾക്ക് ഇരയായവർക്ക് ഭക്ഷണവും മെഡിക്കൽ സൗകര്യവും എത്തിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ട്.

ഉരുൾപൊട്ടലിൽ കൂറ്റൻ പാറക്കെട്ടുകൾ പതിച്ചും മണ്ണിടിഞ്ഞും തകർന്ന നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. 28ാം മൈലിൽ മൂന്ന് കിലോ മീറ്ററോളം േറാഡാണ് തകർന്നത്. റോഡുകളുടെ അരികുകളും ഇടിഞ്ഞിട്ടുണ്ട്. പാറക്കല്ലുകൾ നീക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. നിരവധി ഗ്രാമീണ, പഞ്ചായത്ത് റോഡുകൾ, പാലങ്ങൾ എന്നിവ തകർന്നിട്ടുണ്ട്. വളരെ വേഗത്തിൽ അവ പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും. വൻ തോതിലാണ് കൃഷി നാശം.ഇതിന്റെ കണക്കെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി നഷ്ടപരിഹാരം നൽകും.

കണിച്ചാർ പ്രദേശത്ത് അപകടകരമായ നിലയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം നിർത്തുന്നത്് സംബന്ധിച്ച് നിയമപരമായും ജനകീയമായുമുള്ള ഇടപെടലുകൾ നടത്തും. ജനജീവിതത്തിന് പ്രതികൂലമാകുന്ന ക്വാറികൾക്ക് ആലോചിച്ചു മാത്രമേ അനുമതി നൽകാവൂ എന്നും മന്ത്രി പറഞ്ഞു. പുഴയോരങ്ങൾ കൈയേറുന്നത് പരിശോധിച്ച് പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. എല്ലാവരും ഒറ്റക്കെട്ടായി ഒരു മനസ്സോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.

നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 217 പേര്‍

ഇരിട്ടി കണിച്ചാര്‍ വില്ലേജിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തുറന്ന നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 217 പേര്‍. വേക്കളം എ യു പി സ്‌കൂള്‍, പൂളക്കുറ്റി എല്‍ പി സ്‌കൂള്‍, പൂളക്കുറ്റി സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍, കണ്ടന്തോട് ലത്തീന്‍ കുരിശുപള്ളി ഹാള്‍ എന്നിവയാണ് ക്യാമ്പുകള്‍.

കോളയാട് വില്ലേജിലെ ചെക്യേരി കമ്യൂണിറ്റി ഹാളിലുണ്ടായിരുന്നവരെ മാറ്റി പാര്‍പ്പിക്കാനാണ് വേക്കളം എ യു പി സ്‌കൂളില്‍ പുതുതായി ക്യാമ്പ് തുടങ്ങിയത്. കമ്യൂണിറ്റി ഹാളില്‍ താമസിച്ചവരെ കൂടുതല്‍ സുരക്ഷക്കായി ബുധനാഴ്ച രാത്രിയാണ് ഇവിടേക്ക് മാറ്റിയത്. വേക്കളം സ്‌കൂളില്‍ 33 കുടുംബങ്ങളിലെ 93 (സ്ത്രീകള്‍ 36, പുരുഷന്‍മാര്‍ 29, കുട്ടികള്‍ 28) പേരാണ് നിലവിലുള്ളത്. പൂളക്കുറ്റി സ്‌കൂളില്‍ 34 കുടുംബങ്ങളിലെ 87(സ്ത്രീകള്‍ 32, പുരുഷന്‍മാര്‍ 42, കുട്ടികള്‍ 13) പേരുണ്ട്. പാരിഷ് ഹാളില്‍ അഞ്ച് കുടുംബങ്ങളിലെ 15( സ്ത്രീകള്‍ 8, പുരുഷന്‍മാര്‍ 7) പേരും കുരിശു പള്ളി ഹാളില്‍ ഒമ്പത് കുടുംബങ്ങളിലെ 22 (സ്ത്രീകള്‍ 11, പുരുഷന്‍മാര്‍ 9, കുട്ടികള്‍ 2)പേരുമുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version