/
15 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് കനത്ത മഴ; വ്യാപക നാശനഷ്ടം: അതീവ ജാ​ഗ്രത

തിരുവനന്തപുരം > സംസ്ഥാനത്ത് മഴ കനക്കുന്നു. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം.  വിവിധ ജില്ലകളിൽ മരം കടപുഴകി വീണ് ഏറെ നേരം ​ഗതാ​ഗതം തടസപ്പെട്ടു. തൃശൂർ പെരിങ്ങാവിൽ കനത്ത മഴയിലും കാറ്റിലും വലിയ മാവ് കടപുഴകി റോഡിൽ വീണു. ഇതേതുടർന്ന് പെരിങ്ങാവ് റോഡിൽ ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

ആലപ്പുഴയിൽ മത്സ്യവിൽപനശാലക്ക് മുകളിൽ തെങ്ങ് കടപുഴകി വീണു. കട പൂർണമായി തകർന്നു. കൊല്ലം പുനലൂർ കുന്നിക്കോട് അബ്ദുൾ സലാമിന്റെ വീടിനു മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. കൊച്ചി പാലാരിവട്ടത്ത് മരം വീണ് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. സമീപത്തെ ഹോട്ടലിന് മുകളിലേക്കാണ് മരം വീണത്. തിരുവല്ല പെരിങ്ങരയിൽ ആൽമരത്തിന്റെ ചില്ല വീണ് രണ്ടു കാറുകൾക്ക് കേടുപാടുകൾ പറ്റി. കൊല്ലത്ത് ട്രാക്കിനു മുകളിലേക്ക് മരം വീണ് ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. കൊല്ലം പുനലൂർ പാതയിലുള്ള മെമു സർവീസ് റദ്ദാക്കി.

കാലടിയിൽ എംസി റോഡിലേക്ക് വാകമരം മറിഞ്ഞു വീണ് ​ഗതാ​ഗതം തടസപ്പെട്ടു. വെൺമണിയിൽ വീടിനു മുകളിലേക്ക് മരം വീണ് വീട് ഭാ​ഗികമായി തകർന്നു. കൊല്ലം അഴീക്കലിൽ കക്ക വാരുകയായിരുന്ന തൊഴിലാളിയുടെ ചെറുവള്ളം മുങ്ങി. പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞ് താണു. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രദേശത്ത് കനത്ത ജാ​ഗ്രത പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ കോസ് വേകളിൽ വെള്ളം കയറി. അരയാഞ്ഞിലിമൺ, മുക്കം ക്രോസ് വേകളാണ് മുങ്ങിയത്. തിരുവല്ലയിലും ഇടുക്കിയിലും എൻ ഡി ആർ എഫ് സംഘം ക്യാംപ് ആരംഭിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ ചേർത്തല, മാന്നാർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലാണ്. ഹരിപ്പാട് കരുവാറ്റയിലും വീടുകളിൽ വെള്ളം കയറി. കോട്ടയത്തും കൊല്ലം കുണ്ടറയിലും കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു. ഇടുക്കി ഉടുമ്പൻചോല രാജാക്കണ്ടം വെള്ളിമലയിൽ കനത്ത മഴയിൽ വെള്ളിമല സ്വദേശി വിനുവിന്റെ വീട് തകർന്നു. തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊ‍ഴിലാളികൾ കടലിൽ വീണു. പിന്നീട് ഇവർ നീന്തി രക്ഷപ്പെട്ടു.

എറണാകുളത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. കോ‍ഴിക്കോട് വടകരയിൽ കനത്ത മഴയിൽ വീട് തകർന്നു. തുടർച്ചയായി മഴ പെയ്താൽ ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും മലയോരമേഖലകളിൽ കനത്ത ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version