ആശ്വാസ ജയം നേടിയിട്ടും രാഷ്ട്രീയ നാടകങ്ങള്‍ക്കവസരം അവശേഷിപ്പിച്ച് ഹിമാചല്‍ പ്രദേശ്. മോദി പ്രഭാവത്തില്‍ ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഹിമാചലിലെ വിജയം കോണ്‍ഗ്രസിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഭരണം തിരിച്ചുപിടിച്ചെങ്കിലും അധികാരത്തിലേറും വരെ ആശങ്കയാണ്. കാലേകൂട്ടി എം.എല്‍.എ മാരെ സംസ്ഥാനത്ത് നിന്ന് മാറ്റുന്നത് ഈ പശ്ചാത്തലത്തിലാണ്. നയരൂപീകരണ യോഗത്തിനെന്ന പേരിലാണ് ചണ്ഡീഗഡിലേക്ക് മാറ്റുന്നതെങ്കിലും രാഷ്ട്രീയ സാഹചര്യം നിരീക്ഷിച്ച് മാത്രമേ എം.എല്‍.എ മാരെ തിരികെ എത്തിക്കു. ചണ്ഡീഗഡില്‍ നിന്ന് പിന്നീട് ഛത്തീസ്ഘട്ടിലെ റായ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം. ഗോവയിലേതടക്കം അനുഭവങ്ങള്‍ മുന്‍പിലുള്ളപ്പോള്‍ ഒരു സാധ്യതയും തള്ളിക്കളയുന്നില്ല.
ഛത്തീസ്‍ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡ, രാജീവ് ശുക്ല എം.പി എന്നിവരെയാണ് സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയടക്കമുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വീണ്ടും അധികാരത്തിലേക്കെത്തുമ്പോള്‍ ആര് ഹിമാചലിനെ നയിക്കുമെന്നതിലും ചര്‍ച്ചകള്‍ തുടങ്ങി. സംസ്ഥാന നേതൃത്വം തന്നെ വിജയശില്‍പികളാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിഭ സിംഗ് അവകാശവാദം ഉന്നയിച്ചേക്കും. വനിത മുഖ്യമന്ത്രി വരുന്നതിനോട് പ്രിയങ്ക ഗാന്ധിക്കടക്കം താല്‍പ്പര്യമുണ്ടെന്നാണ് വിവരം. നിലവില്‍ മണ്ഡിലോക് സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതിഭ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെങ്കില്‍ എം.പി സ്ഥാനം രാജി വയ്‍ക്കണം. അക്കാര്യങ്ങളിലടക്കം ഹൈക്കമാന്‍ഡ് തീരുമാനം വരേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചുമതലയുണ്ടായിരുന്നു സുഖ് വിന്ദര്‍ സിംഗ് സുഖു, മുന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളും കേള്‍ക്കുന്നുണ്ട്.