/
15 മിനിറ്റ് വായിച്ചു

സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ്; കണ്ണൂർ സ്വദേശി ഉൾപ്പെടെ ആറുപേര്‍ അറസ്റ്റില്‍

പാലക്കാട് സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേര്‍ പിടിയില്‍.ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയില്‍ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാര്‍ഡുകളും തട്ടിയ കേസിലാണ് അറസ്റ്റ്.കൊല്ലം സ്വദേശിനി ദേവു, ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദ്വീപ്, കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളിലൊരാളായ ദേവു വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും നേരില്‍ കാണാന്‍ പാലക്കാട്ടേക്ക് എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. പാലക്കാട്ടേക്കെത്തിയ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വര്‍ണവും എടിഎം കാര്‍ഡുകളും ദേവുവും സംഘവും ചേര്‍ന്ന് തട്ടിയെടുത്തു. തുടര്‍ന്ന് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റാന്‍ സംഘം ശ്രമിക്കുന്നതിനിടയില്‍ വാഹനത്തില്‍ നിന്ന് പുറത്തേക്കോടി പാലക്കാട് സൗത്ത് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങനെ പൊലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ ഇപ്പോള്‍ പിടികൂടാനായത്.

കോട്ടയം സ്വദേശി ശരത് ആണ് കേസിലെ പ്രധാന സൂത്രധാരന്‍. സാമ്പത്തിക അടിത്തറയുള്ളവരെ കണ്ടെത്തുകയാണ് സംഘത്തിന്റെ ആദ്യ രീതി. തുടര്‍ന്ന് ഇവരെ ലക്ഷ്യമിട്ട് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി മെസേജുകള്‍ അയക്കും. ഇതിന് വേണ്ടി പ്രത്യേക മൊബൈല്‍ ഫോണും, സിമ്മുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഈ മെസേജുകള്‍ക്ക് തിരിച്ചു പ്രതികരിക്കുന്നവരെ കെണിയിലാക്കും. ഇത്തരത്തിലാണ് വ്യവസായി കുടുങ്ങിയത്.

മറുപടി നല്‍കിയ വ്യവസായിയെ വലയിലാക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ താരങ്ങളായ ദേവു, ഗോകുല്‍ എന്നിവരെ പണം വാഗ്ദാനം നല്‍കി ശരത് കൂടെ ചേര്‍ത്തു. വ്യവസായിയുടെ വിശ്വാസം ആര്‍ജ്ജിച്ച ദേവു, അദ്ദേഹത്തെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു. വ്യവസായി വരുമെന്ന് ഉറപ്പാക്കിയതോടെ ഇതിനായി മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി പാലക്കാട് യാക്കരയിലും, ഇരിങ്ങാലക്കുടയിലും വീട് വാടകയ്ക്ക് എടുത്തു.

ഒലവക്കോട് എത്തിയ വ്യവസായിയെ ‘അമ്മ ആശുപത്രിയിലാണെന്നും ഒറ്റക്കാണെന്നും പറഞ്ഞു വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെ എത്തിയ വ്യവസായിയെ സംഘം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും, വാഹനവും തട്ടിയെടുക്കുകയായിരുന്നു. വ്യവസായിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തേന്‍ കെണി എന്ന് കൃത്യമായി പറയാവുന്ന തരത്തിലുള്ള തട്ടിപ്പാണ് സംഘം നടത്തി വന്നിരുന്നത്. മറ്റേതെങ്കിലും ആളുകളില്‍ നിന്നും സംഘം മുന്‍പ് പണം തട്ടിയിരുന്നോയെന്നും പാലക്കാട് സൗത്ത് പൊലീസ് പരിശോധിക്കുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version