ജവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയിൽ പൂർണമായി കര തൊടും. വടക്കൻ ആന്ധ്ര തീരങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴയുണ്ട്. വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. ജവാദ് കൂടുതൽ ദുർബലമായി തീവ്ര ന്യൂനമർദമായേ കര തൊടൂ. എങ്കിലും ജാഗ്രതാ നിർദേശം തുടരുകയാണ്. ആന്ധ്ര ഒഡീഷ തീരങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റപാർപ്പിച്ചു.
ആന്ധ്രയിൽ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തീരത്തും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഒഡീഷയിലെ പുരി ജില്ലയിൽ അതീവജാഗ്രതാ നിർദേശമുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയിൽവേ 122 ട്രെയിനുകൾ റദ്ദാക്കി.