കണ്ണൂർ. കേരളത്തിൽ വീണ്ടും നിപ്പ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയ സ്ഥിതിക്ക് ആരോഗ്യ ജാഗ്രത തുടരണമെന്ന് റൂറൽ എമർജൻസി മെഡിസിൻ ഇന്ത്യ ചെയർമാനും പരിയാരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം മുൻ മേധാവിയുമായ ഡോ സുൽഫിക്കർ അലി ഓർമ്മിപ്പിച്ചു. വ്യക്തി ശുചിത്വം, മാലിന്യനിർമ്മാർജ്ജനം, ആരോഗ്യ സാക്ഷരത, മികച്ച ചികിത്സ എന്നിവ ഉറപ്പാക്കിയാൽ ഈ രോഗാവസ്ഥയും മറികടക്കാൻ ആകും. നിപ്പ രോഗപ്രതിരോധവു മായി ബന്ധപ്പെട്ട് ഐ ഡി ആർ എൽ പുറത്തിറക്കിയ ആരോഗ്യ സൂചികയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുൻ പ്രസിഡണ്ട് ഡോ പത്മനാഭ ഷേണായിക്ക് കോപ്പി നൽകിക്കൊണ്ട് ഐ ഡി ആർ എൽ ചെയർമാൻ ഡോ സുൽഫിക്കർ അലി നിർവഹിച്ചു.
സാധാരണ വൈറൽ പനിക്കൊപ്പം അസാധാരണമായ അനുബന്ധ ലക്ഷണങ്ങൾ കാണുന്നവർ ഉടൻതന്നെ ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ച് ചികിത്സ തേടണം. സർക്കാർ സ്വകാര്യ ആരോഗ്യ പ്രവർത്തകർ പൊതുജനാരോഗ്യ പ്രശ്നം എന്ന നിലക്ക് മികച്ച റിപ്പോർട്ടിങ് സംവിധാനം സജ്ജമാക്കണം. അന്താരാഷ്ട്രതലത്തിൽ തന്നെ പ്രത്യേകം നോട്ടിഫൈ ചെയ്യേണ്ട അസുഖങ്ങളുടെ പട്ടികയിൽ ഉള്ള രോഗമായതിനാൽ റിപ്പോർട്ടിംഗ് രംഗത്ത് ജാഗ്രതയും സൂക്ഷ്മതയും അനിവാര്യമാണ്.
ആരോഗ്യപ്രവർത്തകർക്കുള്ള പ്രത്യേക മുൻകരുതലുകളും മാർഗനിർദ്ദേശങ്ങളും നിപ ചികിത്സാരംഗത്ത് ഉള്ള പുതിയ സങ്കേതങ്ങളും ഉൾപ്പെടുത്തിയാണ് ആരോഗ്യ സൂചിക പുറത്തിറക്കിയിരിക്കുന്നത്.
ഫോട്ടോഃ നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട് ഐ ഡി ആർ എൽ പുറത്തിറക്കിയ ആരോഗ്യ സൂചിക ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) മുൻ പ്രസിഡണ്ട് ഡോ പത്മനാഭ ഷേണായിക്ക് നൽകിക്കൊണ്ട് ചെയർമാൻ ഡോ സുൽഫിക്കർ അലി നിർവഹിക്കുന്നു.