ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനപ്രകാരമാണെന്നും സമൂഹ മാധ്യമങ്ങളിലെ ട്രോളുകളെ പുച്ഛിച്ച് തള്ളുന്നുവെന്നും ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് . ചലച്ചിത്ര അക്കാഡമിയിലെ സഹപ്രവർത്തകരുമായി കൂടിയാലോചിച്ചാണ് തീരുമാനം കൈക്കൊണ്ടത്. മാധ്യമങ്ങളുടെ കൂട്ടായ ആക്രമണം ഭയന്നാണ് വാർത്ത പുറത്തുവിടാതിരുന്നത്. നെഗറ്റിവിറ്റി കൊണ്ട് തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. ദിലീപിനോട് ആത്മബന്ധമില്ല. സുരേഷ് കൃഷ്ണ പറഞ്ഞിട്ടാണ് ദിലീപിനെ ജയിലിൽ പോയിക്കണ്ടത്. സിനിമയെ ഏറെ സ്നേഹിക്കുന്ന, അഭിനയം തൊഴിലാക്കിയ ഭാവനയെ മാറ്റി നിർത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മേളയുടെ ഉദ്ഘാടനവേദിയില്‍ അപ്രതീക്ഷിതമായാണ് അതിഥിയായി നടി ഭാവന എത്തിയത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്.
26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ഇന്നലെ ഐ.എഫ്.എഫ്.കെ വേദിയിൽ എത്തിയ ഭാവന പറഞ്ഞത്.”അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവസരം നല്‍കിയ രഞ്ജിത്തിനും ബീന ചേച്ചിക്കും നന്ദി. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, ലിസയെ പോലെ പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും എന്റെ എല്ലാ വിധ ആശംസകളും.- ഭാവന പറഞ്ഞു.ഭാവനയെ കേരളത്തിന്റെ റോള്‍ മോഡലായാണ് മന്ത്രി സജി ചെറിയാന്‍ വിശേഷിപ്പിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയാണ്. സിനിമാ രംഗത്തും സീരിയല്‍ രംഗത്തും എല്ലാ മേഖലകളിലും സ്ത്രീ സുരക്ഷിത്വം ഉറപ്പുവരുത്താന്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നല്ലൊരു നിയമം സ്ത്രീസമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.