ഒക്‌ടോബർ രണ്ടിന് നടക്കുന്ന മേലെ ചൊവ്വ ഫ്ലൈ ഓവർ നിർമ്മാണോദ്ഘാടനത്തിന് മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. ചൊവ്വ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ ഗതാഗതക്കുരുക്കിൻ്റെ പ്രധാന കേന്ദ്രമായ മേലെ ചൊവ്വയിലെ കുരുക്കഴിക്കാനുള്ള ഏറെ നാളത്തെ പരിശ്രമത്തിനാണ് സാക്ഷാത്ക്കാരമാവുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിൻ്റെ തുടർച്ചയായി കാൽടെക്‌സ് ജംഗ്ഷനിലെ 138 കോടി രൂപയുടെ ഫ്ലൈ ഓവറും 738 കോടിയുടെ സിറ്റി റോഡ് ഇംപ്രൂവ്‌മെൻറ് പ്രൊജക്ടും യാഥാർഥ്യമാവുന്നതോടെ കണ്ണൂർ നഗരം വലിയ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കും. ജനകീയ പങ്കാളിത്തവും സഹകരണവും ഉണ്ടായാൽ ഏത് പദ്ധതിയും വേഗം പൂർത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.