സംസ്ഥാനത്ത് പനിയും പകർച്ച വ്യാധികളും മാറ്റമില്ലാതെ തുടരുന്നതിനിടെ എച്ച്1 എൻ1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. ഇത് സമീപകാലത്തെ ഉയർന്ന കണക്കാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എൻ1 കേസുകൾ പുതുതായി സ്ഥിരീകരിച്ചത്. രണ്ടെണ്ണം ആലപ്പുഴയിലാണ്. മലപ്പുറത്ത് മൂന്ന് കോളറ കേസുകൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സ്ഥീരകരിച്ച പത്ത് ഡെങ്കിപ്പനി കേസുകളിൽ നാലും എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനി ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസും ഉറപ്പാക്കണം. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.