ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്‍റെ ഭാഗമായി 2022 ഡിസംബർ 29 മുതൽ 2023 ജനുവരി 3വരെ കണ്ണൂരിൽ നടക്കുന്ന അന്താരാഷ്ട്ര പ്രദർശനത്തിന്‍റെ മുന്നൊരുക്കമായി വ്യാഴാഴ്‌ച (ഡിസംബർ 8) ചിത്രകലാക്യാമ്പ് ആരംഭിക്കും. രാജ്യത്തെ പ്രമുഖരായ 15 ചിത്രകലാ പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസിലാണ് ചിത്രരചനാ ക്യാമ്പ്. രാവിലെ 10 ന് ലളിത കലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും. എക്സിബിഷൻ കമ്മറ്റി ചെയർപേഴ്സൺ എൻ. സുകന്യ അധ്യക്ഷയാകും. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയാകും.
യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാൻസലർ പ്രൊഫ. സാബു അബ്ദുൾ ഹമീദ്, രജിസ്ട്രാർ ഡോ. ജോബി കെ. ജോസ്, ലളിത കലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ. ജോസഫ്, ഡോ. ഷീനാ ഷുക്കൂർ, പി. പ്രശാന്തൻ എന്നിവർ പങ്കെടുക്കും. ക്യാമ്പ് ഡിസംബർ 12 ന് സമാപിക്കും.
കേരള ലളിതകലാ അക്കാദമിയാണ് ക്യാമ്പിന്‍റെ സംഘാടനം നിർവഹിക്കുന്നത്. ക്യാമ്പിൽ രൂപപ്പെടുത്തുന്ന ചിത്രങ്ങൾ പ്രദർശനത്തിന്‍റെ പ്രധാനഭാഗമായിരിക്കും. ക്യൂബൻ അംബാസഡർ അലഹാൻത്രോ സിമാൻകാസ് മറീനാണ് പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത്. ഇന്ത്യൻ ലൈബ്രറികളുടെ വർത്തമാനവും നവോത്ഥാന പ്രസ്ഥാനവും മുഖ്യപ്രമേയമാക്കിയുള്ള പ്രത്യേക സെഷനും പ്രദർശനത്തിനായി ഒരുക്കുന്നുണ്ട്. ലൈബ്രറി കോൺഗ്രസിൽ ഭാഗമാകുന്ന സ്ഥാപനങ്ങൾക്ക് എക്കാലവും സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന നിലയിലും തുടർന്നും ഉപയോഗിക്കാനാകുന്ന നിലയിലുമാണിവയെല്ലാം തയാറാക്കുന്നത്.