ആരാകും രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയാകുകയെന്നത് ഇന്ന് അറിയാം. വോട്ടെണ്ണല്‍ രാവിലെ 11 മണിക്ക് പാര്‍ലമെന്റ് ഹൗസില്‍ ആരംഭിക്കും. പാർലമെന്റ് ഹൗസ് ഉൾപ്പെടെ 31 കേന്ദ്രങ്ങളിലായി തിങ്കളാഴ്ചയായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്.ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുര്‍മുവും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയുമാണ് മത്സരിക്കുന്നത്. മുര്‍മുവിന് അനുകൂലമാണ് കാര്യങ്ങള്‍, അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവി വഹിക്കുന്ന ആദ്യത്തെ ആദിവാസി വനിതയാകും.തെരഞ്ഞെടുപ്പിന്റെ ചീഫ് റിട്ടേണിംഗ് ഓഫീസറായ രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോഡി വോട്ടെണ്ണലിന് മേല്‍നോട്ടം വഹിക്കും. തെരഞ്ഞെടുപ്പ് ഫലം വൈകുന്നേരത്തോടെ പ്രഖ്യാപിക്കും.എംപിമാരുടെ എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞാല്‍, പിന്നീട് അക്ഷരമാലാക്രമത്തില്‍ 10 സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണും. ശേഷം ചീഫ് റിട്ടേണിംഗ് ഓഫീസര്‍ ആദ്യ വോട്ടെടുപ്പ് ട്രെന്‍ഡുകളെക്കുറിച്ച് വിശദീകരിക്കും.20 സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞാല്‍ അദ്ദേഹം വോട്ടെടുപ്പ് ട്രെന്‍ഡുകളെക്കുറിച്ച് ഒരിക്കല്‍ക്കൂടി വിശദീകരിക്കുകയും തുടര്‍ന്ന് മൊത്തം വോട്ടെണ്ണലിന് ശേഷം ഫലം പ്രഖ്യാപിക്കുകയും ചെയ്യും.