ഇന്‍ഡിഗോ വിമാനക്കമ്പനിയെ താനാണ് വിലക്കിയതെന്നും ആ വിലക്കിന്റെ കാലാവധി ഒരിക്കലും തീരില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് തീരുന്ന സാഹചര്യത്തിലാണ് ഇപിയുടെ പ്രതികരണം. തിരുവനന്തപുരം കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ജയരാജന്‍.
മഹാസ്മരണകള്‍ നിലനിര്‍ത്തുന്ന പുണ്യ പുരുഷന്മാരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും കേന്ദ്രങ്ങളില്‍ സിപിഐഎം നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
സംഭവങ്ങളില്‍ ഇ പി ജയരാജനെതിരേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും ഇന്‍ഡിഗോ എയര്‍ലൈന്‍സ് നടപടിയെടുത്തിരുന്നു. ഇ പി ജയരാജന് മൂന്ന് ആഴ്ചത്തെ വിലക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏവിയേഷന്‍ നിയമങ്ങള്‍ പ്രകാരമുള്ള ലെവല്‍ ഒന്ന് കുറ്റങ്ങളും, ഇ പി ജയരാജന്‍ ലെവല്‍ രണ്ട് കുറ്റവുമാണ് നടത്തിയതെന്നായിരുന്നു ഇന്‍ഡിഗോ എയല്‍ലൈന്‍സിന്റെ കണ്ടെത്തല്‍. കമ്പനിയുടെ വിലക്കിന് പിന്നാലെ താന്‍ ഇന്‍ഡിഗോ എയല്‍ലൈന്‍സ് ബഹിഷ്‌കരിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചിരുന്നു.
വിമാനത്തില്‍ വെച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും ക്രൂരമായി മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.