ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി വടകരയുടെ ആറാം വാർഷിക ദിനത്തിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി, കൂളിപ്പാറ യൂണിറ്റിലെ “തുന്നു പിരെ” വനിതാ സഭയ്ക്ക് സ്നേഹസമ്മാനമായി തയ്യൽ മെഷീനുകളും അനുബന്ധ സാമഗ്രികളും സമ്മാനിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വനിതകളുടെ ഉന്നമനത്തിന് വേണ്ടി കേരള മഹിള സമഖ്യയുടെ നേതൃത്വത്തിൽ വനിത സഭകൾക്ക് രൂപം കൊടുക്കുകയും വനിതകൾക്കായുള്ള തൊഴിൽ സംരംഭങ്ങൾ എന്ന നിലയിൽ “സമഖ്യ തുന്നു പിരെ” എന്ന പേരിൽ തയ്യൽ കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുകയും ചെയ്യുന്നുണ്ട്. സ്വന്തമായി വരുമാനം കണ്ടെത്താൻ സ്ത്രീ കൂട്ടായ്മകളെ പര്യാപ്തരാക്കുന്നതിനു വേണ്ടിയുള്ള ഇൗ സംരംഭത്തിന് പിന്തുണയർപ്പിച്ച് കൊണ്ടാണ് ഇരിട്ടി, കൂളിപ്പാറ നിവാസികളുടെ “തുന്നു പിരെക്ക്” സഹായ ഹസ്തവുമായി ഇൻവോൾവ് കൂടെ നിന്നത്.ഇൻവോൾവ് വാർഷിക ദിനമായ ജനുവരി 26 ന് ഇരിട്ടി നഗരസഭാ പരിധിയിലെ പായഞ്ചേരി കൂളിപ്പാറ സെറ്റിൽമെന്റ് പ്രദേശത്ത്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ഇരിട്ടി ഡി വൈ എസ് പി ശ്രീ പ്രദീപൻ കണ്ണിപ്പൊയിൽ തയ്യൽ മെഷീനുകൾ കൂളിപ്പാറ യുണിറ്റിലെ തുന്നു പിരെയ്ക്ക് കൈമാറി. കേരള മഹിള സമഖ്യ കണ്ണൂർ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി അസീറ എൻ പി, ഇൻവോൾവ് പ്രതിനിധി ജിജിൻ എൻ വി, മഹിളാ സമഖ്യാ പ്രൊമോട്ടർ ശ്രീമതി അനിതാ കുമാരി എന്നിവർ സംസാരിച്ചു. ഇൻവോൾവ് പ്രവർത്തകരായ രാജേഷ് സി പി, നിധിൻ കെ എന്നിവരെ കൂടാതെ മഹിള സമഖ്യ പ്രതിനിധികളും കൂളിപ്പാറ നിവാസികളും സന്നിഹിതരായിരുന്നു.