/
7 മിനിറ്റ് വായിച്ചു

കൊച്ചിയിൽ കോടിക്കിലുക്കം ; ഐ.പി.എൽ താരലേലം ഇന്ന്‌

ഐ.പി.എൽ ക്രിക്കറ്റ്‌ 16ാം സീസണിലേക്കുള്ള താരലേലം ഇന്ന്‌ കൊച്ചിയിൽ അരങ്ങേറും. 405 കളിക്കാരാണ്‌ അവസരം കാത്തിരിക്കുന്നത്‌. 273 ഇന്ത്യൻ താരങ്ങളും 132 വിദേശ താരങ്ങളും. കഴിഞ്ഞവർഷം മഹാലേലം നടന്നതിനാൽ ഇത്തവണ ആകെ 87 പേർക്കാണ്‌ അവസരം. 10 ടീമുകളാണ്‌ രംഗത്ത്‌. കൊച്ചിയിലെ ഗ്രാൻഡ്‌ ഹയാത്‌ ഹോട്ടലിൽ പകൽ 2.30 മുതലാണ്‌ താരലേലം ആരംഭിക്കുന്നത്‌. ബ്രിട്ടീഷുകാരനായ ഹ്യൂഗ്‌ എഡ്‌മിയാഡെസാണ്‌ ലേലം നടത്തുക.

ലേലത്തിന്‌ മുന്നോടിയായി ടീമുകൾക്ക്‌ കളിക്കാരെ ഒഴിവാക്കാൻ അവസരം നൽകിയിരുന്നു. ഇതനുസരിച്ച്‌ അവർക്ക്‌ ചെലവഴിക്കാനുള്ള തുകയും വർധിക്കും. നിലവിലെ 10 താരങ്ങളെ ഒഴിവാക്കിയ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനാണ്‌ ഏറ്റവും കൂടുതൽ തുക കൈയിലുള്ളത്‌. 42.25 കോടി രൂപ. പഞ്ചാബ്‌ കിങ്‌സ്‌ (32.20 കോടി രൂപ) രണ്ടാമതുണ്ട്‌. ആകെ 206.50 കോടി രൂപയ്‌ക്ക്‌ ലേലം നടക്കും.

ഇംഗ്ലണ്ട്‌ താരങ്ങളായ ബെൻ സ്‌റ്റോക്‌സ്‌, സാം കറൻ, ഓസ്‌ട്രേലിയയുടെ കാമറൂൺ ഗ്രീൻ എന്നീ വിദേശതാരങ്ങൾക്കാകും ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഇന്ത്യക്കാരിൽ മായങ്ക്‌ അഗർവാൾ, മനീഷ്‌ പാണ്ഡെ, അജിൻക്യ രഹാനെ എന്നിവരുമുണ്ട്‌. 19 കളിക്കാർക്ക്‌ രണ്ട്‌ കോടി രൂപയാണ്‌ അടിസ്ഥാന വില. ഒന്നരക്കോടി രൂപ മൂല്യമുള്ള 11 പേരുണ്ട്‌. ഒരു കോടി പട്ടികയിൽ 20 താരങ്ങളും. കേരള താരങ്ങളായ രോഹൻ എസ്‌ കുന്നുമ്മൽ, മുഹമ്മദ്‌ അസ്‌ഹറുദീൻ തുടങ്ങിയവരും അവസരം കാത്തിരിപ്പുണ്ട്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version