//
15 മിനിറ്റ് വായിച്ചു

റോഡ് വികസനത്തിന് നഷ്ടപരിഹാരത്തുക നൽകിയതിൽ ക്രമക്കേട്: പണം തിരിച്ചുപിടിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല, വീഴ്ച

കോഴിക്കോട്: കോഴിക്കോട് റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം നൽകിയതിലെ ലക്ഷങ്ങളുടെ ക്രമക്കേട് തിരിച്ചു പിടിക്കാനുളള നടപടികൾ എങ്ങുമെത്തിയില്ല.മാനാഞ്ചിറ – വെളളിമാട് കുന്ന് പാത വികസന പദ്ധതിയിലാണ് ഉടമയറിയാതെ  നഷ്ടപരിഹാരത്തുക മറ്റൊരാൾക്ക് കൈമാറിയത്. ഉദ്യോഗസ്ഥ തലത്തിൽ വൻ വീഴ്ച സംഭവിച്ചെന്നും അനർഹമായി നൽകിയ നഷ്ടപരിഹാരം കണ്ടുകെട്ടണമെന്നും മാസങ്ങൾക്ക് മുമ്പേ റവന്യൂ വിജിലൻസ് നൽകിയ ശുപാർശയാണ് പരിഹാസ്യമായത്.

2008ൽ പ്രഖ്യാപിച്ച് ഇപ്പോഴും കടലാസിൽ മാത്രമുളള മാനാഞ്ചിറ – വെളളിമാട് കുന്ന് റോഡ് വികസന പദ്ധതിക്കായി സ്ഥലമേറ്റെടുക്കലിന്‍റെ മറവിൽ ഉദ്യോഗസ്ഥ- ഭൂമാഫിയ കൂട്ടുകെട്ടന്ന ആരോപണങ്ങൾക്കിടെയാണ് തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തുവരുന്നത്. മലാപ്പറമ്പിൽ ഏറ്റെടുത്ത 3.14 സെന്‍റ് സ്ഥലമാണിത്. പന്തീരങ്കാവ് സ്വദേശി ദുർഗയാണ് സ്ഥലത്തിന്‍റ ഉടമ. പദ്ധതിക്കായി ഇവരുടെ സ്ഥലവും ഏറ്റെടുക്കുമെന്നും നിർദ്ദേശിക്കുന്ന സമയത്ത് സ്ഥലത്തിന്‍റെ രേഖകൾ സഹിതം നഷ്ടപരിഹാരത്തിന് അപേക്ഷിക്കാമെന്നും കാണിച്ച് 2012ൽ നോട്ടീസും കിട്ടി. എന്നാൽ 2018ന് ശേഷമുളള നികുതിയൊടുക്കാൻ ചേവായൂർ വില്ലേജോഫീസിൽ ചെന്നപ്പോഴാണ് നടപടികൾ പൂ‍ർത്തിയാക്കി നഷ്ടപരിഹാരം നൽകിയെന്നും നികുതി സ്വീകരിക്കാനാവില്ലെന്നും അധികൃതർ അറിയിച്ചത്. സ്ഥലത്തിന്‍റെ മുൻ ഉടമകളായ ഗീതാദേവി, ഗംഗാദേവി എന്ന വ്യക്തികൾക്ക് 44 ലക്ഷം രൂപ കൈമാറിയെന്ന് റവന്യൂ രേഖകളിലും വ്യക്തം.

ആൾമാറാട്ടം നടന്നെന്ന പരാതിയിൽ റവന്യു ഇന്‍റിലജൻസ് ഡെപ്യൂട്ടി കളക്ടർ അന്വേഷണം നടത്തി. ആധാരം നഷ്ടപ്പെട്ടതായി പരസ്യം നൽകി ആദ്യ ഉടമ ആധാരത്തിന്‍റെ പകർപ്പ് രജിസ്ട്രാർ ഓഫീസിൽ നിന്ന് വാങ്ങിയെന്നും ഇത് കാണിച്ച് നികുതിയൊടുക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. നികുതി സ്വീകരിച്ച് കൈവശാവകാശം അനുവദിക്കുകയും ചെയ്തു. ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയും റവന്യൂ വിജിലൻസ് സംശയിക്കുന്നു. ചേവായൂർ വില്ലേജ് ഓഫീസർ, ലാൻഡ് അക്വിസിഷൻ തഹസീൽദാർ എന്നിവർക്ക് ഗുരുതര വീഴ്ച പറ്റിയെന്നും റവന്യൂ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും അനർഹമായി നൽകിയ പണം തിരിച്ചുപിടിച്ച് യഥാർഥ അവകാശിക്ക് നൽകണമെന്നും സർക്കാരിന് ഈ വർഷം ആദ്യം റിപ്പോർട്ടും നൽകി. എന്നാൽ നടപടികൾ ഒന്നും ആയില്ല. സർക്കാർ ജീവനക്കാരുടെതന്നെ അറിവോടെ, ലക്ഷങ്ങളുടെ ക്രമക്കേട് നടന്നിട്ടും തിരിച്ചുപിടിക്കാൻ ഒരു നടപടിയുമില്ലെന്ന് ചുരുക്കം. അന്വേഷണം പുരോഗമിക്കുന്നെന്നും കളക്ടറുടെ നിർദേശപ്രകാരം ഇരു കക്ഷികളിൽ നിന്നും ഹിയറിംഗ് പൂർത്തിയായെന്നും മാത്രമാണ് ചുമതലയുളള സ്പെഷ്യൽ തഹസീൽദാറുടെ ഓഫീസിൽ നിന്നുളള വിശദീകരണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version