തളിപ്പറമ്പ് മുക്കോല കപ്പിളി പള്ളിക്ക് സമീപം മലിക്കൻ ഇസ്ഹാഖിന്റെ (34) മരണകാരണം തലയിൽ ക്ഷതമേറ്റതിനെ തുടർന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് .കഴിഞ്ഞ 11 നാണ് ഇസ്ഹാഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 10ന് വൈകിട്ട് വീടിനു സമീപം അവശനിലയിൽ കണ്ടെത്തിയ ഇസ്ഹാഖിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സലാമത്ത് നഗറിലെ വാടക വീട്ടിൽ എത്തിച്ചിരുന്നു. തുടർന്ന് ഉറങ്ങാൻ കിടന്ന ഇസ്ഹാഖിനെ പിറ്റേന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണത്തിൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിൽ ക്ഷതമേറ്റ് രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം വാക്കേറ്റവും അടിപിടിയും ഉണ്ടായിരുന്ന കാര്യം പോലീസ് കണ്ടെത്തിയത്.ആഗസ്ത് 10 ന് ഉച്ചയ്ക്ക് 2 മണിയോട് കൂടിയായിരുന്നു അടിപിടി നടന്നത് .വാക്കേറ്റത്തിനിടയിൽ ഇസ്ഹാഖിനെ ഒരു ഓട്ടോ ഡ്രൈവർ പിടിച്ചുതള്ളുകയും ഇസ്ഹാഖിന്റെ തല ചുവരിൽ ഇടിക്കുകയുമായിരുന്നു.
തുടർന്ന് ബോധരഹിതനായ ഇസ്ഹാഖ് ഏറെ നേരം അവിടെത്തന്നെ കിടന്നിട്ടും ആരും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല .ശേഷം ബോധം തിരിച്ചുകിട്ടിയപ്പോൾ ഇസ്ഹാഖ് തനിയെ ബസ്സിൽ തളിപ്പറമ്പിലെ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.തുടർന്ന് തളിപ്പറമ്പിലെ ഒരു അനാദിക്കടയുടെ മുന്നിൽ ഇസ്ഹാഖിനെ അവശനിലയിൽ കണ്ട നാട്ടുകാരും ബന്ധുക്കളുമാണ് വീട്ടിൽ എത്തിച്ചത് .ഉറങ്ങാൻ കിടന്ന ഇസ്ഹാഖിനെ പിറ്റേന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഓട്ടോ ഡ്രൈവറെ ടൗൺ പോലീസ് ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു .’കൊലപ്പെടുത്തണം’ എന്ന ഉദ്ദേശത്തോടെ ചെയ്തതാവാനുള്ള മുൻവൈരാഗ്യം ഇവർ തമ്മിൽ ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത് .ഓട്ടോ ഡ്രൈവറെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
പി.കെ.റംസീനയാണ് ഇസ്ഹാഖിന്റെ ഭാര്യ. മകൾ സഹറ ഫാത്തിമ.