15 മിനിറ്റ് വായിച്ചു

നാലുവർഷ ബിരുദം സിലബസ് പോലും തയ്യാറാവാതെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് വഞ്ചന : പി.മുഹമ്മദ് ഷമ്മാസ്

കണ്ണൂർ : കേരളത്തിലെ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും പുതുതായി നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് സിലബസ് പോലും തയ്യാറാവാതെയാണെന്നും , അക്കാദമിക രംഗത്ത് പൂർത്തിയാക്കേണ്ടുന്ന കാര്യങ്ങൾ ചെയ്യാതെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി നാല് വർഷ ബിരുദ കോഴ്സിന്റെ പ്രവേശനം ഉദ്ഘാടനം ചെയ്യുന്നത് വിദ്യാർത്ഥി വഞ്ചനയാണെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സിലബസുകൾ ഇതുവരെയും ലഭ്യമാക്കിയിട്ടില്ലെന്നിരിക്കെ വിദ്യാർത്ഥികളുടെ ഭാവിക്ക് ഗുണകരമാകാത്ത തരത്തിൽ വിദ്യാർത്ഥികൾക്ക് പ്രയാസം സൃഷ്ടിച്ച് കൊണ്ട് പദ്ധതി ആരംഭിക്കാൻ എന്തിനാണ് ധൃതി കാണിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിയും വിശദമാക്കേണ്ടതാണ്. കണ്ണൂർ സർവ്വകലാശാലയിൽ തന്നെ പകുതിയിൽ അധികം കോഴ്സുകൾക്കും പൂർണ്ണമായ സിലബസുകൾ ഇല്ല. പല വിഷയങ്ങളിലും രണ്ട് സെമസ്റ്ററിൻ്റെ സിലബസുകൾ മാത്രമാണുള്ളത്.
മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങുന്നത് പോലെ ഗഡുക്കളായാണ് വിദ്യാർത്ഥികൾക്ക് സിലബസുകൾ പോലും ഇപ്പോൾ നൽകുന്നത് എന്നത് വിരോധാഭാസമാണ്.

കണ്ണൂർ സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റേയും,പ്രിയ വർഗീസിൻ്റെയുമു ൾപ്പെടെയുള്ള നിയമനങ്ങളുടെ മറവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കോടികളുടെ കൊള്ളയാണ് നടന്നിട്ടുള്ളത്.വക്കീൽ ഫീസിനത്തിലുൾപ്പടെ പുറത്തുവന്ന കണക്കുകളിൽ സർക്കാരും സർവകലാശാലയും ചെലവഴിച്ചത് കോടികളാണ് എന്ന് വ്യക്തമായിരിക്കുകയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.പ്രിയ വർഗീസിനെ നിയമനത്തിന് മാത്രമായി ഇതുവരെ സർവകലാശാല ചെലവഴിച്ചത് 780000 രൂപയാണ്.ഒരുതരത്തിലുമുള്ള യോഗ്യതയും ഇല്ലാത്ത ഗോപിനാഥ് രവീന്ദ്രനും പ്രിയ വർഗീസിനുമായി സർക്കാരും സർവകലാശാലയും ചേർന്ന് പൊടിപൊടിച്ചത് ഒന്നരക്കോടിയോളം രൂപയാണ്. ഇതിൽ കേസ് നടത്തിപ്പിന് മാത്രം 8150090 രൂപ ചിലവഴിച്ചിട്ടുണ്ട്.

ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും സർവകലാശാലകൾ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്നു. സിറ്റിംഗ് ജഡ്ജിയെക്കൊണ്ടുൾപ്പടെയുള്ള ഗൗരവകരമായ അന്വേഷണം ഈ വിഷയത്തിൽ ആവശ്യമാണ്. പൊതുപണം കൊള്ളയടിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ,കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂർ,സർവ്വകലാശാല സെനറ്റ് അംഗം ആഷിത്ത് അശോകൻ എന്നിവർ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version