കാസര്‍ഗോഡ് : കാസര്‍ഗോഡ് പെരിയയില്‍ അടിപ്പാത തകര്‍ന്നത് ഇരുമ്പ് തൂണുകളുടെ ശേഷിക്കുറവ് കാരണമെന്ന് റിപ്പോര്‍ട്ട്. സംഭവം അന്വേഷിച്ച എന്‍ഐടി സംഘമാണ് ദേശീയ പാതാ അഥോറിറ്റിക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചത്. വിശദമായ പരിശോധന പൂർത്തിയാകുന്നതുവരെ നിലവിലെ രീതി തുടരരുതെന്ന് നിർദേശം. ഒക്ടോബര്‍ 29 ന് പുലര്‍ച്ചെ 3.23 നാണ് ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി പെരിയയില്‍ നിർമ്മിച്ചുകൊണ്ടിരുന്ന അടിപ്പാത തകര്‍ന്നത്. കോണ്‍ക്രീറ്റ് മിശ്രിതത്തിന്‍റെ ഭാരം ഇരുമ്പ് തൂണുകള്‍ക്ക് വഹിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ തകരുകയായിരുന്നുവെന്നാണ് പരിശോധനാ റിപ്പോർട്ട്. സൂരത്കല്‍ എന്‍ഐടിയിലെ അഞ്ചംഗ സംഘമാണ് പരിശോധിച്ച് ദേശീയ പാതാ അഥോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കോണ്‍ക്രീറ്റ് മിശ്രിതം എല്ലാ ഭാഗത്തും ഒരേ അനുപാതത്തില്‍ നിറയ്ക്കുന്നതില്‍ വീഴ്ച പറ്റിയാലും ഭാര വ്യത്യാസം കാരണം ഇത്തരത്തില്‍ തൂണുകള്‍ നിരങ്ങി മാറാനോ ഒടിയാനോ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷമത, സുരക്ഷ എന്നിവ പഠിച്ച് ഉറപ്പാക്കും വരെ ഇരുമ്പ് തൂണുകള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യാനായി തട്ടുണ്ടാക്കുന്ന രീതി ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പകരം സംവിധാനം എന്തെന്ന് സംഘം നിര്‍ദേശിക്കുന്നില്ല. സൂരത്കല്‍ എന്‍ഐടിയില്‍ പ്രൊഫസര്‍മാരായ ബാബു നാരായണന്‍, സുനില്‍, ശ്രീവത്സ കൊളത്തായര്‍, ബാലു, പവന്‍ എന്നിവര്‍ ഈ മാസം ഒന്നിനാണ് പെരിയയിലെ അപകട സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതും. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ദേശീയ പാതാ അഥോറിറ്റിയുടെ ഉന്നത സമിതി തുടര്‍ നടപടി സ്വീകരിക്കും.