കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനമായ ‘ജയ് ഹിന്ദ്’ ടിവിയുടെ കാര്‍ മോഷണം പോയി. മലപ്പുറം ബ്യൂറോ ഉപയോഗിച്ചിരുന്ന ആള്‍ട്ടോ 800 വാഹനമാണ് നിലമ്പൂരില്‍ വെച്ച് മോഷണം പോയത്. മിനര്‍വ്വാ ജംഗ്ഷനില്‍ ഹോട്ടലിന് മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഭക്ഷണം കഴിച്ചിറങ്ങിയപ്പോഴാണ് കാര്‍ മോഷണം പോയ വിവരം മാധ്യമപ്രവര്‍ത്തകര്‍ അറിയുന്നത്. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നിലമ്പൂര്‍ അമല്‍ കോളേജിലെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.
ബ്യൂറോ ചീഫ് അജയകുമാര്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.കെഎല്‍ 10 എവി 2916 നമ്പറുള്ള കറുത്ത ഓള്‍ട്ടോ 800 കാര്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെയോ തങ്ങളെയോ വിവരം അറിയിക്കണമെന്ന് ജയ് ഹിന്ദ് ടിവി മാധ്യമപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന കാര്‍ ജയ് ഹിന്ദ് ടിവിയുടെ ഉടമസ്ഥതയിലുള്ളതല്ല. കാറിനുള്ളിലുണ്ടായിരുന്ന ക്യാമറയ്ക്കും ലൈവ് വ്യൂ ഡിവൈസിനും ലക്ഷങ്ങള്‍ വില വരും.
അജയകുമാറിന്റെ പ്രതികരണം”ജയ് ഹിന്ദ് ടിവിയുടെ വണ്ടി മിനര്‍വ ജംഗ്ഷനില്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്നു. ഞങ്ങള്‍ ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍ വണ്ടി കാണാനില്ല. വണ്ടിയില്‍ ലൈവ് വ്യൂ, ക്യാമറ ഉള്‍പ്പെടെ എല്ലാം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു സംഭവം. 1:40ന് ഭക്ഷണം കഴിച്ച് ഇറങ്ങി. ഞങ്ങളിപ്പോള്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ആരെങ്കിലും വണ്ടി കാണുകയോ ശ്രദ്ധയില്‍ പെടുകയോ ചെയ്താല്‍ വിവരമറിയിക്കുക.”