കോഴിക്കോട്: ലോകായുക്തയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തവനൂര്‍ എം.എല്‍.എ. കെ.ടി. ജലീല്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിന് മറുപടിയായാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ജലീലിന്‍റെ പ്രതികരണം.’പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം- ജലീല്‍ കുറിപ്പില്‍ പറയുന്നു. ”വഴിയില്‍ എല്ലുകടിച്ചുകൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തുചെന്നാല്‍ എല്ല് തട്ടിയെടുക്കാനാണെന്ന് പട്ടി കരുതും. പട്ടി എല്ലുമായി ഗുസ്തി പിടിക്കട്ടേ’- എന്നൊരു പരാമര്‍ശം കഴിഞ്ഞ ദിവസം ലോകായുക്ത നടത്തിയിരുന്നു.”.കേരളത്തിലെ ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് മനസ്സിലാക്കാന്‍ 21 വര്‍ഷം വേണ്ടിവന്നുവെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞിരുന്നു. ലോകായുക്തയെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും പ്രസ്താവനകള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ലോകായുക്തയ്ക്കതിരേ വിമര്‍ശനമുന്നയിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തുന്ന പ്രചാരണങ്ങളെക്കുറിച്ച് പേരെടുത്തുപറയാതെ പരോക്ഷമായാണ് ലോകായുക്ത സൂചിപ്പിച്ചത്.