കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ജസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് കണ്ടെത്തിയെന്ന പ്രചരണം തെറ്റെന്ന് സിബിഐ.അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി. ജസ്ന സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം വന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ വിശദീകരണം.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്ന ജസ്ന 2018 മാര്‍ച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത്. ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല.മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം ലോക്കല്‍ പൊലീസും ശേഷം ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.അന്വേഷണ ഏജന്‍സികള്‍ പലതും മാറി വന്നിട്ടും ഇതുവരെ ജസ്നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് 2021 ഫെബ്രുവരിയില്‍ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്.