/
9 മിനിറ്റ് വായിച്ചു

ചിലവന്നൂർ കായൽ കയ്യേറി നിർമ്മാണം; നടൻ ജയസൂര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ചിലവന്നൂർ കായൽ കയ്യേറി നിർമ്മാണം നടത്തിയെന്ന കേസിൽ നടൻ ജയസൂര്യക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. ആറ് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരേയും കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കാണിച്ച് ഹർജിക്കാരനായ ഗിരീഷ് ബാബു വീണ്ടും ഹർജി സമർപ്പിച്ചതോടെയാണ് നടപടി. ഇന്നലെയാണ് കുറ്റപത്രം സമർപ്പിച്ചത്.

കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടൻ നിർമ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയ്യേറി നിർമ്മിച്ചതാണെന്നാണ് ആരോപണം. കണയന്നൂർ താലൂക്ക് സർവേയർ ഇത് കണ്ടെത്തുകയും കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചെന്നും അതിന് കോർപറേഷൻ അധികൃതർ ഒത്താശ ചെയ്തതായുമാണ് പരാതി.

ജയസൂര്യയും കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥരായിരുന്നവരും ഉൾപ്പെടെ 4 പേർക്കെതിരെയാണു കുറ്റപത്രം. 2013ൽ നൽകിയ പരാതിയെത്തുടർന്ന് അനധികൃത നിർമാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ൽ ജയസൂര്യക്ക് കൊച്ചി കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു.

കയ്യേറ്റം അളക്കാൻ കണയന്നൂർ താലൂക്ക് സർവേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. സംഭവം നടന്നത് എറണാകുളം ജില്ലയിൽ ആയതിനാൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version