തിരുവനന്തപുരം > സമകാലീന തൊഴിൽസാഹചര്യങ്ങൾക്കനുസരിച്ചു കേരളത്തിലെ യുവതയെ സജ്ജമാക്കുന്നതിനൊപ്പം അവർക്ക് പഠനത്തിനനുസരിച്ചു തൊഴിൽ ലഭ്യമാക്കുന്നതിനു എല്ലാ നിയോജകമണ്ഡലങ്ങളിലും തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. അസാപ് കേരളയുടെ നേതൃത്വത്തിൽ ആസ്പയർ 2023 തൊഴിൽമേള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അനുദിനം മാറുന്ന തൊഴിൽസാഹചര്യത്തിനനുസരിച്ചു തൊഴിൽനൈപുണ്യം നേടേണ്ടത് അനിവാര്യമായിരിക്കുകയാണ്. അസാപ് കേരളയും ഉന്നതവിദ്യാഭ്യാസവകുപ്പും ഇതിനനുസരിച്ചു നൈപുണ്യ വികസനത്തിനും തൊഴിലക്ഷമത വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സംയുക്തമായി നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനായിരുന്നു.
ടാറ്റ എൽക്സി, നിസാൻ ഡിജിറ്റൽ, എച്ഡിഎഫ്സി ബാങ്ക്, ഇസാഫ്, ടൂൺസ് അനിമേഷൻസ്, ആംബർ ഇന്റർനാഷണൽ, ട്രാൻസ്പോർസ് തുടങ്ങി ഐടി/ഐടിഎസ്, ഓട്ടോമൊബൈൽ, ബാങ്കിങ്, മെഡിക്കൽ മേഖലകളിൽ നിന്നുള്ള മുപ്പതോളം പ്രമുഖ കമ്പനികളാണ് തൊഴിൽമേളയിൽ പങ്കെടുത്തത്. 700 ഓളം ഉദ്യോഗാർത്ഥികൾ വിവിധ കമ്പനികളുടെ തൊഴിൽ അഭിമുഖത്തിൽ പങ്കെടുത്തു.
ലോകത്തിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽസാഹചര്യങ്ങൾക്ക് അനുസരിച്ചു കേരളത്തിലെ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനും തൊഴിലക്ഷമത വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തങ്ങളാണ് ഉന്നതവിദ്യാഭ്യാസ വകുപ്പും അസാപ് കേരളയും സംയുക്തമായി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഓരോരുത്തരും അവരവരുടെ അഭിരുചിക്കനുസരിച്ച തൊഴിൽ മേഖലയിലേക്ക് കടക്കുന്നതാണ് അഭികാമ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്‌സ്, ക്ലൗഡ് ടെക്‌നോളജീസ്, വെർച്വൽ റിയാലിറ്റി എന്നിവ ഉൾപ്പെടെയുള്ള ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി കോഴ്‌സുകളിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ സജ്ജരാക്കാൻ എഞ്ചിനീയറിംഗ് കോളേജുകളിലെ നൈപുണ്യ വികസന കേന്ദ്രങ്ങൾ ഇതിനോടകം ആരംഭിച്ചു. എഞ്ചിനീയറിംഗ് മേഖലയിലെ മിടുക്കരായ വിദ്യാർത്ഥികളെ സൃഷ്ടിക്കുന്നതിന് ഇത് സഹായകമാണ്