അശ്ലീല വീഡിയോ പ്രചരിപ്പിച്ചുള്ള വ്യാജ പ്രചരണത്തിനെതിരെ പ്രതികരിച്ച് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ ഭാര്യ ദയ പസ്കൽ. ജോ ജോസഫിനെതിരെ ക്രൂരമായ സൈബർ അധിക്ഷേപമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തന്റെ കുടുംബത്തിന് ഈ നാട്ടിൽ ജീവിക്കണ്ടേയെന്നും ദയ പസ്കൽ ചോദിച്ചു.’തെരഞ്ഞെടുപ്പെന്നാൽ വ്യക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലല്ലല്ലോ. അത് നയങ്ങളും രാഷ്ട്രീയവും തമ്മിൽ വികസനം പറഞ്ഞ് ആരോഗ്യകരമായ മത്സരമായിരിക്കണമെന്ന് കരുതുന്നു.പക്ഷെ ഇപ്പോൾ കുറച്ച് ദിവസങ്ങളായി എല്ലാ പരിധികളും വിടുന്ന ഒരവസ്ഥയിലാണുള്ളത്. ഒരു വ്യാജ വീഡിയോ അദ്ദേഹത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്നു. എത്ര ക്രൂരമാണിത്. ഞങ്ങളൊരു ചെറിയ കുടുംബമാണ്. രണ്ട് പെൺകുട്ടികളും അദ്ദേഹവുമടങ്ങുന്ന കുടുംബം.ഞങ്ങളുടെ രണ്ട് പേരുടെയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. കുട്ടികൾക്കിനിയും സ്കൂളിൽ പോവേണ്ടേ.തെരഞ്ഞെടുപ്പിൽ ഒരാൾ ജയിക്കുകയും മറ്റെയാൾ തോൽക്കുകയും ചെയ്യും. അതല്ലേ രാഷ്ട്രീയം. അതിനു ശേഷവും നമുക്കെല്ലാവർക്കും ഈ നാട്ടിൽ ജീവിക്കാനുള്ളതല്ലേ. എതിർപക്ഷത്തെ ഏതെങ്കിലുമൊരാളെ പറ്റി ജോ മോശമായി എന്തെങ്കിലും പറഞ്ഞത് നിങ്ങളുടെ ശ്രദ്ധയിലുണ്ടോ.അങ്ങോട്ട് കാണിക്കുന്ന മാന്യതയും മര്യാദയും തിരിച്ചു കാണിക്കുന്നത് തെറ്റാണോ?’ ദയ പാസ്കൽ ചോദിച്ചു.ജോ ജോസഫിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയാണെന്ന് സിപിഐഎമ്മും പ്രതികരിച്ചിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോയാണ് ജോ ജോസഫിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്.കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള ഫേസ്ബുക്ക് പേജിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം സൈബര്‍ ക്രിമിനലുകളെ തീറ്റിപോറ്റുകയാണ്. ഇവരെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് വിനിയോഗിക്കുന്നതെന്നും പി രാജീവും എം സ്വരാജും കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.