പദവിയും സ്റ്റേറ്റ് കാറും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ജോണി നെല്ലൂര്‍. ഇക്കാര്യം സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. പദവിയും കാറും തന്നാല്‍ താന്‍ എല്‍ഡിഎഫിലേക്ക് വരാമെന്ന ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോര്പ്പറേഷന് ചെയര്മാന് സ്ഥാനവും കാറും മതിയെന്നാണ് ജോണി നെല്ലൂരിന്റെ ആവശ്യം. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറയുന്നു. കേരള കോണ്‍ഗ്രസ്സ് എം നേതാവ് എച്ച് ഹാഫീസുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ജോണി നെല്ലൂര്‍ ഇക്കാര്യം പറയുന്നത്.
സംഭാഷണത്തിന്റെ പ്രസക്ത ഭാഗം-
ജോണി നെല്ലൂര്‍-നാലോളം പദവി അവര്‍ എനിക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്.
എച്ച് ഹാഫീസ്- ആര് ബിജെപിക്കാരോ
ജോണി നെല്ലൂര്‍-ന്യൂനപക്ഷ ചെയര്മാന്, അല്ലെങ്കില്‍ കോഫി ബോര്‍ഡ് ചെയര്മാന്, അതും അല്ലെങ്കില്‍ സ്പൈസസ് ബോര്‍ഡ് ചെയര്മാന്. കേര വികസന കോര്പ്പറേഷന് ചെയര്മാന്. ഇത്രയും അവര്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.
എച്ച് ഹാഫീസ്- ഷിപ്പ് യാര്‍ഡ് ഓഫര്‍ ചെയതില്ലല്ലോ സാറേ…
ജോണി നെല്ലൂര്‍-അതാന്നും ഇല്ല. അതിനൊക്കെ വേറെ ആളുകളുണ്ട്.
എച്ച് ഹാഫീസ്- അത് നമ്മുടെ കൂട്ടത്തിലെയോ, യുഡിഎഫിലെയോ എല്‍ഡിഎഫിലെയോ ആളുകള്‍ ഒന്നും അല്ലല്ലോ
ജോണി നെല്ലൂര്‍-ഏതായാലും മാത്യൂ സ്റ്റീഫന്‍ ഒക്കെ കൂടെ പോവുകയാ.
എച്ച് ഹാഫീസ്- അയ്യയ്യയ്യോ.. അവരെയൊക്കെ ക്രോഡീകരിച്ച് ഒരു സംവിധാനം ഉണ്ടാക്കിക്കൂടെ
ജോണി നെല്ലൂര്‍-അത് ഉണ്ടാക്കി ബിജെപിയില്‍ പോകാന്‍ എനിക്ക് ഇഷ്ടമില്ലെന്ന്
എച്ച് ഹാഫീസ്- ബിജെപിയില്‍ പോകാനല്ല സാറെ, ഇടതുപക്ഷത്തേക്ക്.
ജോണി നെല്ലൂര്‍- നീ ഒരു കാര്യം ചെയ്യ്, നിന്റെ ഇപ്പോഴത്തെ സ്വാധീനം വെച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ നോക്ക്. എന്നിട്ട് പറയ്. എന്തുകൊണ്ട് നിങ്ങള്‍ പോയി എന്ന് ചോദിച്ചാല്‍ പറയാന്‍ മിനിമം ഒരു കോര്പ്പറേഷന് ചെയര്മാന് സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം. അത് നീ ആലോചിച്ചോ
എച്ച് ഹാഫീസ്- ശരി സാറേ